കൊച്ചി: ഏഴ് വർഷത്തിനു ശേഷം കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാതക്ക് ജീവൻവെക്കുന്നു. ജില്ലയുടെ വികസനത്തിൽ നാഴികക്കല്ലാവുന്ന പദ്ധതിയാണിത്. കെ.ആർ.എഫ്.ബിയുടെ മേൽനോട്ടത്തിൽ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയുടെ അലൈൻമെന്റ് തയാറാക്കൽ അന്തിമഘട്ടത്തിലാണ്.
കിഴക്കൻ മേഖലയിൽനിന്ന് ജില്ല ആസ്ഥാനത്തേക്കും എറണാകുളം നഗരത്തിലേക്കും ഏറെ എളുപ്പത്തിൽ എത്താവുന്ന രീതിയിലാണ് നിർദിഷ്ട പാതയുടെ രൂപരേഖ. കാക്കനാട്-മൂവാറ്റുപുഴ റോഡ് വീതി കൂട്ടി വളവുകൾ നിവർത്തിയാണ് പാത ക്രമീകരിക്കുന്നത്. നിലവിൽ റോഡിന്റെ വീതി പല ഭാഗങ്ങളിലും പല രീതിയിലാണ്. ഇതെല്ലാം 20 മീറ്ററായി ക്രമീകരിച്ചാണ് നാലുവരിപ്പാത ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി സ്ഥല പരിശോധനകളും മണ്ണ് പരിശോധനയുമെല്ലാം പൂർത്തിയാക്കി. രൂപരേഖ ഉറപ്പാക്കിയ ശേഷം ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് അടക്കം നടപടികളിലേക്ക് കടക്കും.
2016ലാണ് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത ആവശ്യം സജീവമായത്. ഇതിനിടെതന്നെ തങ്കളം-കാക്കനാട് നാലുവരിപ്പാതക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും കോതമംഗലത്ത് പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതോടെ ഇത് വിസ്മൃതിയിലാകുകയായിരുന്നു.
എന്നാൽ, തങ്കളം-കാക്കനാട് പാത പ്രായോഗികമല്ലെന്ന കാരണം പറഞ്ഞ് വകുപ്പ് പിന്മാറിയതോടെയാണ് വീണ്ടും കാക്കനാട്-മൂവാറ്റുപുഴ പാതക്ക് ജീവൻവെച്ചത്. പാതക്കായി വനം വകുപ്പിന്റെ ഭൂമിയിൽ ലെവൽസ് നടപടികൾ എടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികത്വം പൊതുമരാമത്ത് മന്ത്രി ഇടപെട്ടാണ് പരിഹരിച്ചത്. പാതക്കുള്ള ഭരണാനുമതി രണ്ട് വർഷത്തേക്കുകൂടി നീട്ടുകയും ചെയ്തിരുന്നു.
മോഹന വാഗ്ദാനങ്ങൾ അധികൃതർ നൽകുമ്പോഴും ഒരു പതിറ്റാണ്ടിലേറെയായി ദുരിതയാത്രയിൽ വലയുകയാണ് മൂവാറ്റുപുഴ-കാക്കനാട് റൂട്ടിലെ യാത്രക്കാർ. കിഴക്കമ്പലം മുതൽ നെല്ലാട് വരെ തകർന്നിട്ട് ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഈ ഭാഗത്ത് റോഡിൽ നിരവധി മരണക്കെണികളും രൂപപ്പെട്ട് കഴിഞ്ഞു. ഏറെ കോലഹാലങ്ങൾക്കൊടുവിൽ രണ്ടുവട്ടം അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രയോജനം ചെയ്തില്ല.
റോഡ് പുനർനിർമാണത്തിന് കോടികൾ അനുവദിച്ചെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും സാങ്കേതികത്വത്തിൽ കുരുങ്ങി അതും നടപ്പായില്ല. ശോച്യാവസ്ഥയിൽ ഹൈകോടതി വരെ ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരസ്പരം പഴിചാരുന്നതല്ലാതെ ഒരു പതിറ്റാണ്ടിലേറെയായി ജനങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.