കൊച്ചി: ഹരിത കർമസേന രൂപവത്കരിക്കുന്നതിൽനിന്ന് കൊച്ചി നഗരസഭയെ വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ. വർഷങ്ങളായി ഒരു ആനുകൂല്യവും ലഭിക്കാതെ ജോലി ചെയ്യുന്ന തങ്ങളെ ഒഴിവാക്കി കുടുംബശ്രീക്ക് കീഴിൽ കൊച്ചി നഗരസഭ രൂപം നൽകുന്ന ഹരിതകർമ സേനയെ വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
നഗരസഭയിലെ 74 ഡിവിഷനുകളിലും മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കാൻ കുറ്റമറ്റ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ നഗരസഭ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ മാലിന്യ ശേഖരണ തൊഴിലാളികളെയും ഉൾപ്പെടുത്തി ഹരിതകർമ സേന രൂപവത്കരിക്കാൻ തീരുമാനിച്ചതെന്നാണ് കമീഷന് നഗരസഭ റിപ്പോർട്ട് നൽകിയത്.
നിലവിലുള്ള തൊഴിലാളികൾ മുഴുവൻ ഹരിതകർമ സേനയുടെ ഭാഗമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരസഭ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ പരാതിക്കാരന് വീണ്ടും കമീഷനെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. ജില്ല മാലിന്യശേഖരണ തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി വി.എൻ. ബാബു സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.