ചൂർണിക്കര: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും ചൂർണിക്കര പഞ്ചായത്തിൽ വ്യാപക കൃഷിനാശം. പ്രധാന കൃഷിയിടങ്ങളിൽ ഒന്നായ പതിനഞ്ചാം വാർഡിലെ പള്ളിക്കേരി പാടത്ത് നൂറുകണക്കിന് വാഴകൾ മറിഞ്ഞുവീണു. ഇവിടെ വലിയ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
പഞ്ചായത്തിലെ പല ഭാഗങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. പല സ്ഥലങ്ങളിലും കൃഷി ചെയ്തവർക്കും, വീടുകളിലും മട്ടുപ്പാവിലും പച്ചക്കറി കൃഷി ചെയ്തവർക്കും നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾക്കും കേടുപാടുകൾ പറ്റി. പള്ളിക്കേരി പാടത്ത് നിരവധി പേരാണ് ഏക്കറുകണക്കിന് സ്ഥലത്ത് വാഴ കൃഷി ചെയ്തിരിക്കുന്നത്.
വീശിയടിച്ച കനത്ത കാറ്റിലും മഴയിലും കുലച്ചതും പാകമാവറായതുമായ 250 ഓളം വാഴകളാണ് വീണത്. ഇവിടെ മാത്രം കർഷകർക്ക് ഏകദേശം 65,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പള്ളിക്കേരി പാടത്തെ പ്രധാന കർഷകരായ പുത്തൻപുരയിൽ പി.എ. അബ്ദുൽ ഖാദർ, മുണ്ടേത്ത് സി.എം. ഹമീദ്, ചേരിക്കാട് സി.എ. ബീരാൻ, നിഷാദ് എന്നിവരുടെ വാഴകൃഷിക്കാണ് കനത്ത നാശനഷ്ടം ഉണ്ടായത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്കും, വാർഡ് അംഗം പി.എസ്. യൂസഫും സ്ഥലത്തെത്തുകയും കർഷകർക്കുണ്ടായ നഷ്ടം വിലയിരുത്തുകയും ചെയ്തു.
ശ്രീമൂലനഗരം: കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിലും മഴയിലും ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം. വാഴ, ജാതി, കപ്പ തുടങ്ങിയ കാർഷികവിളകളാണ് നശിച്ചത്. വെള്ളാരപ്പിള്ളി പള്ളിപ്പടി ഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറൻ തോട്ടത്തിൽ ബിജു പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നാലേക്കറിലെ 1300കുലച്ചതും വിളവെടുപ്പ് അടുത്തതുമായ വാഴകൾ ഒടിഞ്ഞ് വീണു. തിരുവൈരാണിക്കുളം സർവിസ് സഹകരണ ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ വായ്പ എടുത്താണ് കൃഷി ഇറക്കിയത്.
കോഴിക്കാടൻ ലോനപ്പന്റെ കൃഷിയിടത്തിലെ കുലച്ചതും കുലക്കാറായതുമായ 200 ഏത്തവാഴകൾ നിലംപൊത്തി. ശ്രീഭൂതപുരം പെരിയാർ തീരത്ത് പാട്ടത്തിനെടുത്ത് 520 ഏത്തവാഴവെച്ച തേമാലിപ്പുറം വീട്ടിൽ ജയന്റെ 300 കുലച്ച് വിളവെടുപ്പിന് പാകമാകാത്ത വാഴകൾ മറിഞ്ഞ് വീണു. കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷക സംഘം ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കാഞ്ഞൂർ തുറവങ്കര തോടത്തിൽ ശശിയുടെ തോട്ടത്തിലെ നിരവധി വാഴകൾ നശിച്ചു. അൽഫോൻസ പാറപ്പുറം, മോഹനൻ, മാർട്ടിൻ കാഞ്ഞിരത്തിങ്കൽ, ഡേവിസ് വല്ലൂരാൻ എന്നിവരുടെയും ഏത്തവാഴകൾ നശിച്ചു. അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് േഗ്രസി ദയാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.