പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിലെ തീരവാസികളുടെ ദുരിതത്തിന് അറുതിയാകുന്നില്ല. തുടർച്ചയായി മൂന്നാം ദിവസവും തീരത്തേക്ക് കടൽ അടിച്ചുകയറി.
വ്യാഴാഴ്ച രണ്ട് വീട് തിരയടിയേറ്റ് തകർന്നു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ചെല്ലാനം പുത്തൻതോട് ബീച്ച് റോഡിൽ കുരിശുങ്കൽ ഫ്രാൻസിസിന്റെ വീട് പൂർണമായും തകർന്നു. കണ്ണമാലി ലക്ഷംവീട് കോളനിയിൽ വെളിയിൽ മെറ്റിൽഡ ജോസഫിന്റെ വീട് ഭാഗികമായി തകർന്നു.
കണ്ണമാലി, ചെറിയകടവ് മേഖലയിലാണ് കടലേറ്റത്തിന്റെ തീവ്രത കൂടുതൽ അനുഭവപ്പെട്ടത്. വ്യാഴാഴ്ച വേലിയേറ്റം ആരംഭിച്ചത് മുതൽ തിരമാലകൾ ഉയർന്ന് കടൽഭിത്തിയും കടന്ന് തീരത്തേക്ക് പ്രവഹിച്ചു.
കടൽഭിത്തി ഇല്ലാത്ത മേഖലയിലൂടെയും തകർന്ന കടൽഭിത്തിക്ക് മുകളിലൂടെയും കടൽവെള്ളം തീരത്തേക്ക് ശക്തമായി അടിച്ചുകയറി. റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയതോടെ റോഡുകൾ തോടായി മാറി. നാട്ടുകാരിൽ കുറച്ചുപേർ കണ്ണമാലി സെന്റ് ആന്റണീസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെങ്കിലും കൂടുതൽ പേരും സമീപങ്ങളിലെ ബന്ധുവീടുകളിലേക്കാണ് മാറിയത്.
പ്രായമായവരെയും കുഞ്ഞുങ്ങളെയും ഗർഭിണികളെയും അസുഖം ബാധിച്ച് കിടക്കുന്നവരെയും സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടുകാർ കടലേറ്റത്തിന്റെ തുടക്കത്തിൽതന്നെ മാറ്റിയിരുന്നു.
കാലവർഷത്തിന് മുന്നോടിയായി സുരക്ഷ നടപടികളുടെ ഭാഗമായി സ്ഥാപിച്ച ജിയോ ബാഗുകൾ ശക്തമായ തിരമാലയടിയേറ്റ് തകർന്നതോടെ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.