കൊച്ചി: മേയ് അവസാനഘട്ടത്തിൽ ജില്ലയിൽ ശക്തമായി വേനൽമഴ. കഴിഞ്ഞ ഏതാനും ദിവസമായി കിഴക്കൻ മേഖലയിലെ വൈകുന്നേരങ്ങൾ ശക്തമായ കാറ്റും മഴയും ഇടിമിന്നലും നിറഞ്ഞതാണ്. കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് വേനൽമഴ ശക്തമായി ലഭിച്ചത്. പലയിടത്തും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടിമിന്നൽ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്ന നിർദേശമാണ് അധികൃതർ നൽകുന്നത്. വരുംദിവസങ്ങളിലും ഇടി മിന്നലോടുകൂടിയ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. അതേസമയം കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ 31 വരെയുള്ള കണക്കുകൾ പ്രകാരം, സാധാരണ ലഭിക്കേണ്ട മഴ ജില്ലയിൽ കിട്ടിയിട്ടില്ലെന്ന് നിരീക്ഷകർ വ്യക്തമാക്കി.
ജൂൺ ആദ്യവാരം തന്നെ കാലവർഷത്തിലേക്കുള്ള സാധ്യതകൾ വ്യക്തമാകും. ജൂൺ 10ന് ശേഷം കാലവർഷം ശക്തമാകാനുള്ള സാധ്യതയാണ് വിവിധ കാലാവസ്ഥ നിരീക്ഷണ ഏജൻസികളിൽനിന്ന് ലഭിക്കുന്നത്. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് അധികൃതരോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനപ്രകാരം ജൂൺ നാലിനാണ് മൺസൂൺ കേരളത്തിലെത്തുക. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.