കൊച്ചി: ഹോട്ടലുകളിലെ മാലിന്യം കാനകളിലേക്ക് തള്ളാൻ എങ്ങനെ ധൈര്യം ലഭിക്കുന്നുവെന്ന് ഹൈകോടതി. ഹോട്ടലിലേക്ക് വെള്ളം കയറാതിരിക്കാൻ കാനയിലെ ജലമൊഴുക്ക് തടസ്സപ്പെടുത്തിയ ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം. എം.ജി റോഡിലെ കാനകളിൽ പ്ലാസ്റ്റിക് മുതൽ മണൽചാക്കുകൾ വരെയുള്ളതിനാലാണ് ഒഴുക്ക് തടസ്സപ്പെടുന്നതെന്ന് ഹരജി പരിഗണിക്കവേ അമിക്കസ്ക്യൂറി അറിയിച്ചു. കാനകളിലെ മാലിന്യം ഭാഗികമായി മാത്രമാണ് നീക്കിയത്. പൂർണമായും ചളി നീക്കാത്ത പക്ഷം വെള്ളക്കെട്ട് പരിഹരിക്കപ്പെടില്ലെന്നും വ്യക്തമാക്കി.
കോടതി നിർദേശത്തിന് കാക്കാതെതന്നെ കലക്ടർ അടക്കം ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്നും നഗരത്തിലെ കാനകളിലേക്ക് പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളുന്നവർക്കെതിരെ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച സമിതിക്ക് വെള്ളക്കെട്ട് പരിഹരിക്കാനുള്ള അധികാരങ്ങളുണ്ട്. അതിനാൽ, പ്രശ്നപരിഹാരത്തിന് സമിതി നടപടി സ്വീകരിക്കണം. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നടപടിയുണ്ടായില്ലെങ്കിൽ ജില്ല കലക്ടറെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. എം.ജി റോഡിലെ ഓടകൾ പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടതി ബന്ധപ്പെട്ടവരുടെ നിലപാട് തേടി. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം കോർപറേഷനാണോ പൊതുമരാമത്തിനാണോ എന്നത് കണ്ടെത്തേണ്ടതിനാൽ വ്യക്തമായ വിശദീകരണം നൽകാൻ സർക്കാറിനോട് നിർദേശിച്ചു.
മുല്ലശ്ശേരി കനാൽ നവീകരണ ഭാഗമായി പൈപ്പുകൾ മാറ്റാൻ നിലവിൽ കണക്കാക്കിയിരിക്കുന്ന തുക ഇനി കുറക്കാനാവില്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ജോലി ഏറ്റെടുക്കാൻ തയറായി കരാറുകാരൻ എത്തിയതിന് പുറമെ മറ്റൊരാൾകൂടി താൽപര്യം അറിയിച്ചിട്ടുണ്ട്. ഈ കരാറുകാരന് ജോലി സാധ്യമാകുമോയെന്ന് പരിശോധിക്കാൻ വാട്ടർ അതോറിറ്റി എൻജിനീയർമാർക്ക് കോടതി നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.