കൊച്ചി: വിദേശരാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ നിസ്സഹായരായി പെട്ടുപോകുന്ന ഇന്ത്യക്കാരുടെ രക്ഷാർഥമുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടായി(ഐ.സി.ഡബ്ല്യു.എഫ്) വിവിധ എംബസികളിലുള്ളത് കോടിക്കണക്കിന് രൂപ. എന്നാൽ, നിക്ഷേപത്തിനനുസരിച്ചുള്ള ചെലവഴിക്കൽ നടക്കുന്നില്ല. വിവിധ വിദേശരാജ്യങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഓരോ വർഷവും കുടുങ്ങിക്കിടക്കുമ്പോഴും വളരെ കുറച്ചു പേർക്ക് മാത്രമേ ഐ.സി.ഡബ്ല്യു.എഫ് സഹായം ലഭ്യമാകുന്നുള്ളൂവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
2014 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിലുള്ള 2864 ഇന്ത്യക്കാർക്കു വേണ്ടി ആകെ 5.39 കോടി രൂപ മാത്രമേ ഐ.സി.ഡബ്ലിയു.എഫിൽനിന്ന് വിനിയോഗിച്ചിട്ടുള്ളൂ. എന്നാൽ, വിവിധ രാജ്യങ്ങളിൽ ഒറ്റപ്പെട്ടും ദുരിതമനുഭവിച്ചും കുടുങ്ങിക്കിടക്കുന്ന, ഫണ്ടിന് അർഹരായ ഇന്ത്യക്കാർ ഇതിന്റെ പല മടങ്ങാണ്. പലർക്കും ഈ ഫണ്ടിനെ കുറിച്ച് അറിവില്ലാത്തതും ഫണ്ട് വിനിയോഗം കുറയാൻ കാരണമാണ്.
വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലുള്ള നിക്ഷേപത്തിന്റെയും ചെലവഴിക്കലുകളുടെയും കണക്കാണ് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ അപേക്ഷയിൽ ലഭ്യമായത്.
വിവിധ രാജ്യങ്ങളിലെ 180ഓളം എംബസികളിലായി ശതകോടികൾ ഐ.സി.ഡബ്ല്യു.എഫ് ഫണ്ടിലുണ്ട്. യു.എസിലെ വിവിധ ഇന്ത്യൻ കാര്യാലയങ്ങളിലായി മാത്രം 87 കോടി രൂപയാണ് ഫണ്ടായി നിലവിലുള്ളത്.
യു.കെ-70 കോടി, കാനഡ-35 കോടി, സൗദി അറേബ്യ-34 കോടി, ദുബൈ-32കോടി, ആസ്ട്രേലിയ-27 കോടി, ചൈന-24 കോടി, കുവൈത്ത് 17 കോടി, സിംഗപ്പൂർ-15 കോടി, ജർമനി-15 കോടി, ബഹ്റൈൻ-14കോടി, ഫ്രാൻസ് 13കോടി, ഖത്തർ 12 കോടി, റഷ്യ-11 കോടി, ശ്രീലങ്ക-10 കോടി, തായ്ലൻഡ്-8.5 കോടി, ന്യൂസിലൻഡ്-ഏഴ് കോടി, ബെൽജിയം 6.3 കോടി, അബൂദബി -6.1കോടി, മസ്കത്ത് ആറ് കോടി, ഇസ്രായേൽ-അഞ്ച് കോടി തുടങ്ങിയവയാണ് ഇതിൽ ഫണ്ട് കുടുതലുള്ള എംബസികൾ. എന്നാൽ, ഫണ്ടിന്റെ കാര്യത്തിൽ തീർത്തും ദരിദ്രമായ എംബസി കാര്യാലയങ്ങളുമുണ്ട്. ഇക്കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കുകളാണിത്.
വിവിധ രാജ്യങ്ങളിൽ യുദ്ധം, സാമ്പത്തിക പ്രതിസന്ധി, രോഗം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധികളിൽ അകപ്പെടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കൽ, ചികിത്സ ഉറപ്പാക്കൽ, നിയമസഹായം നൽകൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, അനിവാര്യസാഹചര്യങ്ങളിൽ പിഴയടക്കൽ, ജയിലുകളിൽ നിന്നുള്ള മോചനം, തുടങ്ങിയവയാണ് പ്രധാനമായും ഫണ്ടിലൂടെ ചെയ്യുന്ന സഹായങ്ങൾ. പാസ്പോർട്ട്, വിസ, എന്നിവയുടെ പ്രോസസിങ്, വിദേശ ജോലിരേഖ അറ്റസ്റ്റേഷൻ, എന്നിവയിലൂടെ ഈടാക്കുന്ന വിഹിതം, ബജറ്റ് ഫണ്ട്, സംഭാവന തുടങ്ങിയവയിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്.
ഫണ്ട് ലഭിച്ചവരുടെ കണക്ക് വർഷം-ആളുകളുടെ എണ്ണം -ചെലവഴിച്ച തുക
ആകെ 2,864 5,39,27,135
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.