കൊച്ചി: ശ്രദ്ധേയപദ്ധതികളിലൂടെ കൂടുതൽ മികവിലേക്കുള്ള തുടക്കം കുറിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. ഒൻപത് പുതിയ പദ്ധതികളുടെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നത്.
പുതിയ പ്രസവ മുറി സമുച്ഛയം, രണ്ടാമത്തെ മെഡിക്കൽ ഐ.സി.യു, ഒ.പി എക്സ്റ്റൻഷൻ, ഒ.പി രജിസ്ട്രേഷൻ കൗണ്ടറും കാത്തിരിപ്പ് കേന്ദ്രവും, അനുഗാമി പാലിയേറ്റീവ് കെയർ പദ്ധതി, ഇൻഷുറൻസ് ഡെസ്ക്, പൂമ്പാറ്റ കുട്ടികളുടെ പാർക്ക്, ബേൺസ് യൂനിറ്റ്, ലേബർ റൂം കോംപ്ലക്സ്, വെബ്സൈറ്റ് ഉദ്ഘാടനം തുടങ്ങിയവയാണ് ജനങ്ങൾക്കായി സമർപ്പിക്കുന്നത്.
എച്ച്.ഡി.എസ് തീരുമാനപ്രകാരം 94 ലക്ഷം രൂപ കാസ്പ് ഫണ്ടുപയോഗിച്ച് കെല്ലിന് നൽകിയ കരാർ പ്രകാരമാണ് ലേബർ റൂം കോംപ്ലക്സ്, ഹെൽപ് ഡെസ്ക്, ഡോക്ടേഴ്സ് റൂം, രണ്ട് ലേബർ സ്യൂട്ട്, സെപ്റ്റിക് ലേബർ റൂം മുതലായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം ഒൻപത് പ്രസവം എടുക്കാൻ സൗകര്യം ഇവിടെയുണ്ടാകും. ലേബർ സ്യൂട്ട് ഉൾപ്പെടെ എല്ലാ ലേബർ കിടക്കക്ക് അരികിലും ബെർത്ത് കംപാനിയൻഷിപ്പിനും സൗകര്യം ഉണ്ടാകും. 16 കിടക്കയുള്ള മെഡിക്കൽ ഐ.സി.യുവും 22 കിടക്കയുള്ള കാർഡിയോളജി ഐ.സി.യുവും നിലവിലുണ്ട്.
ചികിത്സയോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കൂടി കണക്കിലെടുത്ത് ‘പൂമ്പാറ്റ’ പാർക്കും തുടങ്ങുകയാണ്. കൊച്ചിൻ ഷിപ്പ്യാർഡിന്റെ 15 ലക്ഷം രൂപ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. കംപ്യൂട്ടർ ഗെയിം കോർണർ, ഗെയിം ഏരിയ, പ്ലേ ഏരിയ ഒരുക്കിയിട്ടുണ്ട്. കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ഇൻഷുറൻസ് ഡെസ്ക് പദ്ധതി പൂർത്തിയാക്കുന്നത്. സർവിസ് ഏരിയ, ഓഫീസ് ഏരിയ എന്നിങ്ങനെ രണ്ട് മേഖലകൾ ഈ ഡെസ്കിനുണ്ടാകും. 16 കാസ്പ് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് ഒരുമിച്ച് പ്രവർത്തിക്കാം. 1.21 കോടി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ബേൺസ് യൂനിറ്റ് പദ്ധതി പൂർത്തിയാക്കുന്നത്.
ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടായ 50 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒ.പി രജിസ്ട്രേഷൻ കൗണ്ടർ അത്യാധുനികമാണ്. ഏഴ് കൗണ്ടറിനും മൈക്ക് സിസ്റ്റം ഉൾപ്പെടെപബ്ലിക് അഡ്രസ്സിങ് സംവിധാനം, ആശുപത്രി കവാടം, ഗാർഡൻ ഏരിയ തുടങ്ങിയ രോഗി സൗഹൃദ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.
മുൻ എം.എൽ.എ ലൂഡി ലൂയിസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് സ്പെഷാലിറ്റി ഒ.പി എക്സ്റ്റൻഷൻ പദ്ധതി പൂർത്തീകരിച്ചത്. 20 പി.ജി ഡോക്ടർമാർക്ക് താമസ സൗകര്യവും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പാലിയേറ്റീവ് വാരാചരണ ഭാഗമായി നൂതന ഇടപെടലിന് കൂടി എറണാകുളം ജനറൽ ആശുപത്രി ചുവടുവെക്കുന്നു. ആയിരത്തോളം രോഗികൾ നിലവിലെ ‘നിലാവ്’ പാലിയേറ്റീവ് കെയറിലുണ്ട്. അൻപതിലധികം വരുന്ന ക്രോണിക് അൾസർ രോഗികളെ നൂറു ദിവസത്തെ കർമ പദ്ധതിയിലൂടെ സുഖപ്പെടുത്തുന്ന പുതിയ പദ്ധതിയാണ് വരുന്നത്.
പദ്ധതിയിൽ നഴ്സിങ് വിദ്യാർഥികളുടെ സേവനം, മെഡിക്കൽ ക്യാമ്പുകൾ, സർജിക്കൽ പ്രോസീജിയറുകൾ, സ്കിൻ ഗ്രാഫ്റ്റിങ്, കൂടുതൽ വോളന്റിയേഴ്സിന്റെ ഇടപെടൽ തുടങ്ങി സമഗ്രപദ്ധതിയാണ് അനുഗാമി ‘ടു ഹീൽ ടുഗതർ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.