മമ്മൂട്ടി നമ്മുടെ അഭിമാനം -സ്വാമി നന്ദാത്മജാനന്ദ

കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം മുഖപത്രമായ പ്രബുദ്ധകേരളത്തിന്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ആവിഷ്‌കരിച്ച'വിദ്യാമൃതം' പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

എസ്.എസ്.എൽ.സി,പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് 'വിദ്യാമൃതം' പദ്ധതിയിലൂടെ മമ്മൂട്ടിയും കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനലും. സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവർ കാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർഥികൾ പരിമിതമായ ജീവിത സാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ കഴിയാത്തവർ ആദിവാസി മേഖലകളിലെ കുട്ടികൾ എന്നിങ്ങനെ 250 ഓളം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക. പദ്ധതിയുടെ ധാരണാപത്രം കെയർ ആൻഡ് ഷെയർ മുഖ്യരക്ഷാധികാരി മമ്മൂട്ടിയും എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസും ഒപ്പുവച്ചു.

എന്‍ജിനീയറിങ്,ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിൽ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസരംഗത്ത് മികവു തെളിയിച്ച എം.ജി.എമ്മില്‍ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ കണ്ടെത്തുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനസൗകര്യമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

മുൻ വർഷങ്ങളിലെ വിദ്യാമൃതം പദ്ധതിയിലെ ഗുണഭോക്താക്കളിൽ മികച്ച രീതിയിൽ പഠനം തുടരുന്ന 25 കുട്ടികൾ അവരുടെ അധ്യാപകരോടൊപ്പം മമ്മൂട്ടിയെ സന്ദർശിക്കാനായി ചടങ്ങിൽ എത്തിയിരുന്നു.

കൊച്ചിയിൽ നടന്ന ചടങ്ങില്‍ എം.ജി.എം കോളജസ് വൈസ് ചെയർമാൻ വിനോദ് തോമസ് ഐ.പി.എസ്, എം.ജി.എം സ്കൂൾസ് സി.ഒ.ഒ ആൽഫ മേരി, എം.ജി.എം കോളജസ് ഡയറക്ടർ എച്ച്. അഹിനസ്, നിതിൻ ചിറത്തിലാട്ട് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വിജു ജേക്കബ്, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോയ്. എം. മാത്യു, ജോർജ് സെബാസ്റ്റ്യൻ, എ. മോഹനൻ, റോബർട്ട് കുര്യാക്കോസ്, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജകുമാർ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9946483111, 9946485111

Tags:    
News Summary - Inauguration of the fourth phase of the Vidyamrutam project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.