കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്മിച്ചതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം കൊച്ചി മരടിലെ നാലു ഫ്ലാറ്റ് സമുച്ചയം പൊളിച്ചിട്ട് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രണ്ടു വർഷം പൂർത്തിയാകുന്നു.
നാലു ഫ്ലാറ്റുകളിലെ രണ്ടെണ്ണം 2020 ജനുവരി 11നും അവശേഷിക്കുന്ന രണ്ടെണ്ണം ജനുവരി 12നുമാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ എന്നിവ ആദ്യദിനവും ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ രണ്ടാം ദിനവും ഇല്ലാതായി. അന്തർദേശീയ ശ്രദ്ധ ആകർഷിച്ച ഫ്ലാറ്റ് തകർക്കലായിരുന്നു അന്നവിടെ അരങ്ങേറിയത്.
2019 മേയ് എട്ടിനാണ് നാല് ഫ്ലാറ്റുകൾ പൊളിക്കാൻ അന്നത്തെ ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടത്. ഇതിനു പിന്നാലെ ഫ്ലാറ്റ് ഉടമകളുടെയും നിർമാതാക്കളുടെയും പരിസരവാസികളുടെയും മറ്റും കടുത്ത എതിർപ്പും പ്രതിഷേധവും ഉയർന്നു. അവസാന നാൾവരെ ഉയർന്ന പ്രതിഷേധം തരണം ചെയ്താണ് ജില്ല ഭരണകൂടവും സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയും പൊളിക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ചരിത്രസംഭവത്തിന് സാക്ഷിയാകാൻ ആയിരക്കണക്കിനാളുകൾ സമീപജില്ലകളിൽനിന്ന് ഉൾപ്പെടെയെത്തി. എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡെമോളിഷൻ, വിജയ് സ്റ്റീൽസ് എന്നീ കമ്പനികൾക്കായിരുന്നു പൊളിക്കൽ ചുമതല. അന്ന് ഫ്ലാറ്റുകളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർക്ക് സുപ്രീംകോടതി നിർദേശപ്രകാരം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാരം ഹോളിഫെയ്ത്ത് ഉൾപ്പെടെയുള്ള ഫ്ലാറ്റിലുള്ളവർക്ക് ഇതുവരെയും കിട്ടിയിട്ടില്ല.
വീണ്ടും ഉയർന്നേക്കും ഫ്ലാറ്റുകൾ തന്നെ
പൊളിച്ചുമാറ്റിയ ഫ്ലാറ്റുകളുടെ സ്ഥാനത്ത് നിയമവിധേയമായി ഫ്ലാറ്റുകൾ തന്നെ പണിയാനാണ് ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം തുടങ്ങിയ ഫ്ലാറ്റിലെ അന്നത്തെ താമസക്കാരുടെ കൂട്ടായ തീരുമാനം. എന്നാൽ, ഇതു സംബന്ധിച്ച നിയമനൂലാമാലകളും സാങ്കേതിക തടസ്സങ്ങളും ചില്ലറയല്ല. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസ് ഇന്നും സുപ്രീംകോടതിയിൽ തുടരുന്നുണ്ട്.
തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത് എന്നതിനാൽ പഴയ രീതിയിൽ തന്നെ ഫ്ലാറ്റ് നിർമാണം സാധ്യമല്ല. പകരം, നിയമാനുസൃതമായി അപ്പാർട്മെൻറുകളുടെ എണ്ണം കുറച്ചും മറ്റുമായിരിക്കും നിർമിക്കുകയെന്ന് ഹോളിഫെയ്ത്ത് സെക്രട്ടറി ജെയ്സൺ ചൂണ്ടിക്കാട്ടി. ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം ഇവർക്കിതുവരെയും നിർമാതാവിൽനിന്ന് നഷ്ടപരിഹാരം കിട്ടിയിട്ടില്ല, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീംകോടതിയിലുണ്ട്. നിർമാതാക്കൾ ചെയ്ത തെറ്റിന് തങ്ങൾ അനുഭവിക്കേണ്ടി വന്നതിെൻറ സങ്കടവും നിരാശയും ഇന്നും പലർക്കുമുണ്ട്. ഫ്ലാറ്റുകളിലുണ്ടായിരുന്ന മധ്യവർഗക്കാർ ഉൾപ്പെടെ ചിലർ വാടകക്കാണ് ഇപ്പോൾ താമസിക്കുന്നത്.
അന്ന് സ്വപ്നസൗധം; ഇന്ന് ലഹരി, മാലിന്യകേന്ദ്രം
നടൻ സൗബിൻ ഷാഹിർ, സംവിധായകരായ മേജർ രവി, ബ്ലെസി തുടങ്ങി പ്രമുഖരും സെലിബ്രിറ്റികളും ബിസിനസുകാരും ഉൾപ്പെടെ താമസിച്ചിരുന്ന ഫ്ലാറ്റുകളായിരുന്നു പൊളിച്ചുനീക്കിയത്. സമൂഹത്തിലെ ഉന്നതർ മാത്രമല്ല, ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വസ്ഥജീവിതം കാംക്ഷിച്ചുവന്ന സാധാരണക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരെല്ലാം കായലിനോടു ചേർന്നുള്ള ഫ്ലാറ്റുകളിൽ സുഖസുന്ദരജീവിതം നയിക്കുന്നതിനിടെയാണ് നിയമലംഘനമെന്ന കുന്തമുന പതിക്കുന്നത്. ഇന്ന് കായലുകളോട് അഭിമുഖമായി പ്രൗഢിയോടെ തലയുയർത്തി നിന്ന കൂറ്റൻ കെട്ടിട സമുച്ചയങ്ങളുടെ സ്ഥാനത്താകെ പുല്ലും കാടും നിറഞ്ഞിരിക്കുന്നു, ഒപ്പം നീക്കിയിട്ടും ബാക്കിയായ കുറേ കല്ലും കമ്പിക്കഷണങ്ങളും.
നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റ് നിലനിന്നിരുന്ന സ്ഥലമുൾപ്പെടെ ഇന്ന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. രാത്രി, ഇരുട്ടിെൻറ മറവിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനെത്തുന്നവർ നിരവധിയാണെന്ന് സമീപവാസികൾ പറയുന്നു. ഫ്ലാറ്റ് നിലനിന്ന ഭൂമിക്കു ചുറ്റും ഉയർന്ന മതിലും ഗേറ്റും തകരാതെ കിടക്കുന്നുണ്ടെങ്കിലും മതിൽ ചാടിക്കടന്നും കായലിനോടു ചേർന്നുള്ള മതിൽ വഴിയുമാണ് ഇവർ ഉള്ളിൽ കയറുന്നതെന്ന് ഇവിടുത്തെ താമസക്കാരനായ ഹരി കരോട്ട് പറയുന്നു. ഇടക്ക് പൊലീസ് പട്രോളിങ് ഉണ്ടാകാറുണ്ടെങ്കിലും അവർ വന്ന് ടോർച്ചടിച്ച് നോക്കുകയല്ലാതെ ഉള്ളിൽ കയറാറില്ലെന്നും പരാതിയുണ്ട്. ഈ പരിസരത്ത് മോഷണവും പതിവായിരിക്കുന്നു.
കായലിെൻറ എതിർവശത്തുണ്ടായിരുന്ന ഹോളി ഫെയ്ത്ത് ഫ്ലാറ്റിെൻറ സ്ഥിതിയും മറ്റൊന്നല്ല, നെട്ടൂർ-കുണ്ടന്നൂർ പാലത്തിനു കീഴെ സ്ഥിതി ചെയ്യുന്ന ഈ ഭൂമിയിന്ന് മാലിന്യക്കൂമ്പാരമായി മാറി. പാലത്തിനു ചുവട്ടിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നേരത്തേ മുതൽ കുന്നുകൂടി കിടക്കുന്നുണ്ട്, ഇതിപ്പോൾ ഫ്ലാറ്റ് നിലനിന്ന ഭാഗത്തേക്കും വ്യാപിപ്പിച്ചിരിക്കുന്നു.
അവരുടെ വീട് തകർന്നുതന്നെ
ആൽഫ സെറീൻ ഫ്ലാറ്റ് പൊളിച്ചപ്പോൾ സമീപത്തെ ചില വീടുകൾക്ക് ചെറുതും വലുതുമായ തകരാർ സംഭവിച്ചിരുന്നു. നിസ്സാരമായ പരിക്കുകളുള്ളത് പൊളിക്കൽ കമ്പനിയായ വിജയ് സ്റ്റീൽസ് നേരെയാക്കി നൽകി.
എന്നാൽ, സമീപത്തുള്ള സുഗുണാനന്ദൻ, അജിത് കുമാർ എന്നിവരുടെ വീടുകൾക്ക് ഉൾപ്പെടെ വലിയ കേടുപാടുകൾ സംഭവിച്ചു. ഇത് ഇൻഷുറൻസുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഈ തുക ഇതുവരെയും കിട്ടിയിട്ടില്ലെന്നും ഇതിനായി പലതവണ ഓഫിസുകളിൽ കയറിയിറങ്ങിയെന്നും സുഗുണാനന്ദൻ ചൂണ്ടിക്കാട്ടി. ഇതിനിടെ അജിത്ത് ഈ ലോകത്തോട് വിടപറഞ്ഞു. തെൻറ വീടിന് മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് സുഗുണാനന്ദൻ പറയുന്നു. ഇപ്പോഴും മഴപെയ്താൽ ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. എത്രയും പെട്ടെന്ന് ഇൻഷുറൻസ് തുക അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.