കൊച്ചി: കൊച്ചി കാൻസർ റിസർച് സെൻററിന് ഉപകരണങ്ങൾ വാങ്ങാനായി 204 കോടിയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. ആറുമാസ ഇടവേളയിൽ മൂന്ന് ഘട്ടങ്ങളായാണ് തുക അനുവദിക്കുക. റേഡിയേഷൻ, എം.ആർ.ഐ, സി.ടി സ്കാനിങ് മെഷിനുകൾ, വെൻറിലേറ്റർ, ശീതീകരിച്ച ഫാർമസി മുറി, വിവിധ ആവശ്യങ്ങൾക്കുള്ള മോണിറ്ററുകൾ തുടങ്ങി രോഗനിർണയത്തിനും ചികിത്സക്കുമുള്ള ഉപകരണങ്ങളാണ് വാങ്ങുന്നത്.
ഉപകരണങ്ങൾ വാങ്ങാൻ സി.ഇ.ഒ കെ.എം. എബ്രഹാമിനെ കിഫ്ബി ബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 450 കോടി ചെലവിടുന്ന കെട്ടിടം പൂർത്തിയാകുമ്പോഴേക്കും വിദേശത്ത് നിന്നടക്കം മെഡിക്കൽ ഉപകരണങ്ങൾ എത്താനുണ്ട്. റേഡിയേഷൻ ഉപകരണങ്ങൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. പി.ഇ.ടി സ്കാൻ ഉൾപ്പെടെ ആധുനിക സ്കാനിങ് യന്ത്രങ്ങൾ, ഓപറേഷൻ തിയറ്ററുകൾ, ഐ.സി.യു, കീമോ തെറപ്പി വാർഡുകൾ തുടങ്ങിയ സൗകര്യങ്ങളും 400 കിടക്കയുള്ള ആധുനിക ആശുപത്രിയും സജ്ജമാകേണ്ടതുണ്ട്. നിലവിൽ അനുവദിച്ചിരിക്കുന്ന കിഫ്ബി ഫണ്ട് ഇതിന് സഹായകമാകും.
കളമശ്ശേരിയിൽ ഗവ. മെഡിക്കൽ കോളജ് കാമ്പസിലെ 12 ഏക്കറിൽ 2014ൽ ആരംഭിച്ച നിർമാണം നവംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പണികൾ പുരോഗമിക്കുകയാണ്. എന്നാൽ, നിരവധി പ്രവർത്തനങ്ങൾ കൊച്ചി കാൻസർ റിസർച് സെൻററുമായി ബന്ധപ്പെട്ട് ഇനിയും നടക്കേണ്ടതുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള സുസജ്ജമായ സംവിധാനങ്ങളാണ് ആവശ്യം.
എറണാകുളം ഗവ. മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ പരിമിതമായ തോതിലാണ് ഏഴ് വർഷമായി കാൻസർ സെന്റർ പ്രവർത്തിക്കുന്നത്. റേഡിയേഷൻ സൗകര്യം ഇല്ലാത്തതിനാൽ രോഗികളെ ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയാണെന്ന ആക്ഷേപവുമുണ്ട്. സ്വന്തമായി തിയറ്റർ ഇല്ലാത്തതിനാൽ ഓപറേഷനുകൾക്ക് മെഡിക്കൽ കോളജിനെ ആശ്രയിക്കണം. രണ്ടുവർഷമായി ഒഴിവുള്ള കാൻസർ സെൻറർ ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന വിമർശനവുമുണ്ട്. ഗവേഷണകേന്ദ്രമായി വിഭാവനം ചെയ്യുന്ന ആശുപത്രിക്ക് ചികിത്സ, ഗവേഷണ, ഭരണ രംഗങ്ങളിൽ മികവ് തെളിയിച്ച വ്യക്തിയെ ഡയറക്ടറായി നിയമിക്കണമെന്നാണ് ആവശ്യം.
തുടക്കത്തിൽ ഇവിടേക്ക് രണ്ടായിരത്തോളം ജീവനക്കാർ വേണ്ടിവരുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം ആർ.സി.സിയിൽ ചെയ്യുന്നതുപോലെ പബ്ലിക് സർവിസ് കമീഷൻ വഴി നിയമനം നടത്തണമെന്നും ആവശ്യമുണ്ട്. നിർമാണം നടക്കുന്ന ഏഴുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് നാനൂറോളം പേർ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.