കൊച്ചി: ‘ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ്... ജിംഗിൾ ഓൾ ദി വേ...’ നാടും നഗരവും ക്രിസ്മസ് ആഘോഷത്തിന്റെ ‘കളർഫുൾ’ കാഴ്ചകളാൽ നിറയുകയാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം വിപണി കീഴടക്കുമ്പോൾ കലാലയങ്ങളിലും വിദ്യാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലുമെല്ലാം ആഘോഷത്തിന്റെ ജിംഗിൾസ് മുഴങ്ങിത്തുടങ്ങി.
ക്രിസ്മസിന്റെ നിറമായ ചുവപ്പും വെള്ളയുമണിഞ്ഞാണ് വിദ്യാർഥികളും മറ്റും ആഘോഷങ്ങൾക്ക് എത്തുന്നത്. നഗരത്തിലെ കോളജുകളിൽ ക്രിസ്മസ് കരോൾ, പുൽക്കൂടൊരുക്കൽ, നക്ഷത്രനിർമാണം തുടങ്ങിയ മത്സരങ്ങളും ക്രിസ്മസ് പപ്പായുടെ നേതൃത്വത്തിലുള്ള ആഘോഷവുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളജിലുൾെപ്പടെ മൂന്നു ദിനങ്ങളിലായാണ് ആഘോഷം.
ക്രിസ്മസ് പരീക്ഷ വ്യാഴാഴ്ച പരീക്ഷ അവസാനിച്ചതോടെ വെള്ളിയാഴ്ച ആഘോഷം നടത്താനാണ് ചില സ്കൂളുകളുടെ തീരുമാനം. പരീക്ഷയുടെ ടെൻഷൻ പൂർണമായും മാറി, സസന്തോഷം ആഘോഷിക്കാനാണ് പദ്ധതി. കൊച്ചി മെട്രോയുടെ ആഘോഷം നേരത്തേ തുടങ്ങിക്കഴിഞ്ഞു.
രാത്രികാലങ്ങളിൽ വീടുകളും റെസിഡൻറ്സ് കൂട്ടായ്മകളും കേന്ദ്രീകരിച്ച് കരോൾ സംഘം വന്ന് ആട്ടവും പാട്ടുമായി ആഘോഷിക്കുന്നുണ്ട്. ഫോർട്ട്കൊച്ചിയിലാണെങ്കിൽ ക്രിസ്മസ്-പുതുവത്സരാഘോഷഭാഗമായി കൊച്ചിൻ കാർണിവലും പൊടി പൊടിക്കുകയാണ്. തുണിക്കടകളിലും മറ്റും ചുവപ്പ്, വെളുപ്പ് നിറങ്ങളുള്ള പുത്തനുടുപ്പുകളാൽ നിറഞ്ഞിരിക്കുകയാണ്. പെൺകുട്ടികൾക്ക് ചുവന്ന ഉടുപ്പ്, ആൺകുട്ടികൾക്ക് വെള്ള ഷർട്ടും ചുവന്ന ട്രൗസറും മുതിർന്ന സ്ത്രീകൾക്ക് ചുവന്ന കുർത്ത, കുപ്പായം, സാരി, മുതിർന്ന പുരുഷന്മാർക്ക് ചുവന്ന ഷർട്ട് എന്നിങ്ങനെയാണ് വാങ്ങുന്നത്. ഇതോടൊപ്പം ക്രിസ്മസ് പപ്പായുടെ തൊപ്പിയും എല്ലാവരും വാങ്ങുന്നുണ്ട്.
ക്രിസ്മസ് വിരുന്നിലെ വിഭവങ്ങളെല്ലാം ചേർത്തുള്ള പ്രത്യേക ലഞ്ച് പാക്കേജുകളുമായി വൻകിട ഹോട്ടലുകളുൾപ്പെടെ ഒരുങ്ങിക്കഴിഞ്ഞു. അപ്പം, കുത്തരിച്ചോറ്, താറാവ് റോസ്റ്റ്, ബീഫ് ഫ്രൈ, കോഴിക്കറി, മീൻ വറ്റിച്ചത്, മോര് കറി, കപ്പ, തോരൻ, അച്ചാർ തുടങ്ങിയ ഇനങ്ങളടങ്ങിയ പാക്കേജാണ് ഡോർ ഡെലിവറിയായി ഹോട്ടലുകൾ വീട്ടിലെത്തിച്ചുതരുക. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്രിസ്മസ് ദിനത്തിൽ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ലൈവ് പാർട്ടി, വിനോദം, കേക്ക് കട്ടിങ് തുടങ്ങിയ ആഘോഷപരിപാടികളും ഓഫർ ചെയ്യുന്നു.
ഉപഭോക്താക്കളെ ആകർഷിക്കാനായി ഹോട്ടലുകൾ നക്ഷത്രങ്ങളും പുൽക്കൂടുമെല്ലാം വെച്ച് അലങ്കരിച്ചിരിക്കുകയാണ്. ക്രിസ്മസ് വിപണിയിൽ കേക്കുകളിലെ താരം അന്നുമിന്നും പ്ലം കേക്കാണ്. അര കിലോക്ക് 500 രൂപ മുതലാണ് വില. റിച്ച് പ്ലം, ചോക്കോ പ്ലം, പ്ലം ക്ലാസിക്, പ്ലം ഡിലൈറ്റ് തുടങ്ങിയ വിവിധ ഫ്ലേവറിലും രുചിയിലുമാണ് കേക്കുകൾ മുന്നിലെത്തുന്നത്. കൂടാതെ ബനാന പുഡിങ് കേക്ക്, കാരറ്റ് പുഡിങ് കേക്ക്, ജാക്ഫ്രൂട്ട് പുഡിങ് കേക്ക് തുടങ്ങിയ സ്പെഷൽ ഇനങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.