കൊച്ചി: നഗരസഭയുടെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിൽ. ഈ വര്‍ഷം മുതല്‍ വ്യാപാര ലൈസൻസ് അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. നഗരസഭയുടെ നവീകരിച്ച kochicorporation.lsgkerala.gov.in , citizen.lsgkerala.gov.in വെബ്സൈറ്റുകളിലൂടെ സേവനങ്ങള്‍ ലഭ്യമാകും.
90 ശതമാനം കെട്ടിടങ്ങളുടെയും നികുതി ഓണ്‍ലൈനിലൂടെ ഒടുക്കാന്‍ കഴിയുമെന്നും പൊതുജനങ്ങള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും മേയർ എം. അനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓണ്‍ലൈനില്‍ കെട്ടിട നികുതി പരിശോധിക്കുമ്പോള്‍ ആക്ഷേപമുള്ളവര്‍ക്ക് മെയിന്‍ ഓഫിസിലും ആറ് സോണല്‍ ഓഫിസുകളിലും ഹെല്പ് ഡെസ്കും ഫെസിലിറ്റേഷന്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
സഞ്ചരിക്കുന്ന മറ്റ് ഏഴ് ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. സോണല്‍ ഓഫിസുകള്‍ക്ക് കീഴിലുളള ഓരോ ഡിവിഷനിലെയും സെന്ററുകളില്‍ ഓരോ ദിവസം വീതം ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈനായി കെട്ടിട നികുതി ഒടുക്കുന്നതിനും സെന്ററുകളെ സമീപിക്കാം. ഓണ്‍ലൈനായി നികുതി ഒടുക്കിയാല്‍ അതോടൊപ്പം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും ഡൗണ്‍ലോഡ് ചെയ്യാനാകും.
വ്യാപാര ലൈസന്‍സ് ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി സംഘടനകളുടെ യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ഈ വിഷയത്തില്‍ അക്ഷയ സെന്ററുകള്‍ ഉള്‍പ്പെടെയുളള നൂറോളം ഓണ്‍ലൈന്‍ സേവനദാതാക്കൾക്ക് പരിശീലനവും ലഭ്യമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം നേരിടുന്ന പക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കും.
ഇരുപത്തി നാലായിരത്തോളം ട്രേഡ് ലൈസന്‍സുകളുള്ള നഗരസഭയില്‍ നാല് ദിവസത്തിനകം ഇതുവരെ 510 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്. ബില്‍ഡിങ് പെര്‍മിറ്റുകള്‍ക്കും ഐ.ബി.പി.എം.എസ്. സോഫ്റ്റ്വെയർ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 സെപ്റ്റംബര്‍ മുതലുള്ള ജനന മരണ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി ലഭ്യമാണ്.ഡെപ്യൂട്ടി മേയർ കെ.എ. അൻസിയയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.