ഫോർട്ട്കൊച്ചി: കൊച്ചി കോസ്റ്റ് ഗാർഡിന്‍റെ കാര്യശേഷി വർധിപ്പിക്കുന്ന ആധുനിക കപ്പലായ 'സമർഥ്' ഗോവയിൽനിന്ന് കൊച്ചിയിലെത്തി. നിലവിലെ ചെറിയ കപ്പലുകളെ അപേക്ഷിച്ച് 105 മീറ്റർ നീളത്തിലുള്ള വലിയ കപ്പലാണ് സമർഥ്.
മൾട്ടി പർപസ് വെസൽ എന്നതാണ് പ്രത്യേകത. തീരസുരക്ഷക്കൊപ്പം കടലിലെ രക്ഷാപ്രവർത്തനം, കടലിൽ എണ്ണ ചോർന്നാൽ നീക്കം ചെയ്യാനുള്ള സംവിധാനം, കടൽ ശുചീകരണത്തിനുള്ള പൊലൂഷൻ റെസ്പോൺസ് സിസ്റ്റം, തീയണക്കാനുള്ള സംവിധാനം എന്നിവ കപ്പലിലുണ്ട്. അടുത്തിടെ ലക്ഷദ്വീപിന് സമീപം കടലിൽ വൻ മയക്കുമരുന്നുവേട്ട നടത്തിയതും സമർഥ് കപ്പൽ മുഖേനയായിരുന്നു.
കവരത്തിയെന്ന യാത്ര കപ്പലിന് തീപിടിച്ചപ്പോൾ രക്ഷാ പ്രവർത്തനത്തിന് എത്തിയതും സമർഥായിരുന്നു. കടൽ പട്രോളിങ്ങിന് രണ്ട് ഇൻഫ്ലേറ്റബിൾ ബോട്ടുകൾ ഉൾപ്പെടെ ഇരട്ട എൻജിൻ ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടും വഹിക്കാൻ കഴിയുന്ന തരത്തിലാണ് കപ്പലിന്‍റെ രൂപകൽപന. ഡബിൾ എൻജിനുപുറമെ രണ്ട് പ്രൊപ്പല്ലറുകളും കപ്പലിലുണ്ട്. കപ്പൽ നിന്ന നിൽപിൽ തിരിക്കാൻ ബോ റെസ്റ്റർ സംവിധാനവുമുണ്ട്. പരമാവധി വേഗം 23 നോട്ടിക്കൽ മൈലാണ്. 2015ൽ ഗോവയിൽ കമീഷൻ ചെയ്തതാണ് കപ്പൽ. തന്ത്രപ്രധാന മേഖലയെന്നത് കണക്കിലെടുത്താണ് കപ്പൽ കൊച്ചിയിലെത്തിക്കുന്നത്. ഇതടക്കം നിലവിൽ 13 ചെറിയ, ഇടത്തരം കപ്പലുകളാണ് കോസ്റ്റ് ഗാർഡിനുള്ളത്.
കൊച്ചിയിലെത്തിയ കപ്പലിനെ നാവിക ബാൻഡ് മുഴക്കിയാണ് സ്വീകരിച്ചത്. കപ്പലിലെ കമാൻഡിങ് ഓഫിസർ ഡി.ഐ.ജി ആഷിഷിനെയും ക്രൂവിനെയും കരയിൽ കമാൻഡർ ഷൈലേശ് ഗുപ്ത സ്വീകരിച്ചു. ഒരു മാസം വരെ തുടർച്ചയായി കടലിൽ കഴിയാനുള്ള സൗകര്യം കപ്പലിനുണ്ടെന്ന് ഡി.ഐ.ജി ആഷിഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.