കൊച്ചി: ആദ്യമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിലെത്തി. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും തുടർന്ന് സ്ഥിരതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തുകയുമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലെ വർധന ടിക്കറ്റ് വരുമാനം ഉയരുന്നതിന് സഹായകരമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ടിക്കറ്റ് വരുമാനം 2022-23 സാമ്പത്തിക വർഷം 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർധനവാണിത്. നോൺ ഫെയർ ബോക്സ് വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. നോൺ ഫെയർ ബോക്സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു. അതായത് ടിക്കറ്റ്, ടിക്കറ്റിതര വരുമാനങ്ങൾ കൂട്ടുമ്പോൾ 2020-21 വർഷത്തിലെ ഓപറേഷനൽ റവന്യൂ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. 145 ശതമാനം വളർച്ചയാണിത്.
2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർധന മാത്രമാണ് പ്രവർത്തന ചെലവിൽ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായതെന്ന് മെട്രോ അധികൃതർ പറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ നഷ്ടം 34.94 കോടി രൂപയിലേക്ക് കുറക്കാൻ കെ.എം.ആർ.എല്ലിന് സാധിച്ചിരുന്നു. തുടർച്ചയായ പരിശ്രമത്തിലൂടെ പ്രവർത്തന നഷ്ടം ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ലാഭം നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോക്ക് സാധ്യമായി. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ഓപറേഷനൽ ലാഭത്തിലെത്താൻ സാധിച്ചത് അഭിമാനാർഹമായ നേട്ടമാണെന്ന് കെ.എം.ആർ.എൽ അധികൃതർ പ്രതികരിച്ചു. നേട്ടത്തിൽ കെ.എം.ആർ.എല്ലിനെ ബോർഡ് അംഗങ്ങളും അഭിനന്ദിച്ചു.
കൊച്ചി മെട്രോയുടെ കുതിപ്പിന് യാത്രക്കാരുടെ എണ്ണം അനിവാര്യമാണ്. സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ 2017 ജൂണിലാണ് സർവിസ് ആരംഭിച്ചത്.
ആദ്യ മാസം പ്രതിദിനം ശരാശരി 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റിൽ അത് 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52,254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ, 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. മറ്റെല്ലാ മേഖലയും പോലെ കൊച്ചി മെട്രോയെയും കോവിഡ് പ്രതിസന്ധിയിലാക്കി. കോവിഡ് കാലത്ത് 2021 മേയിൽ യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു.
കോവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെ.എം.ആർ.എല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചാരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ ആകർഷിക്കാൻ സാധിച്ചു. 2022 സെപ്റ്റംബറിനും നവംബറിനുമിടക്ക് ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു.
വിദ്യാർഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിങ് മെഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ കാമ്പയിനുകളും വിജയം കണ്ടു.
പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ ഓപറേഷനൽ പ്രോഫിറ്റ് എന്ന നേട്ടം കെ.എം.ആർ.എല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. സംസ്ഥാന സർക്കാറാണ് ലോണുകളും മറ്റ് നികുതികളും അടക്കുന്നത്. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യൂ വർധിപ്പിക്കുക വഴി കൂടുതൽ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സർക്കാറിനെ സഹായിക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.
ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുമ്പോൾ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യൂവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നത് ഉറപ്പാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.