കൊച്ചി: സ്ത്രീ സംരംഭക ശാക്തീകരണത്തിൽ പുതു ചരിത്രമെഴുതി ദേശീയ സരസ് മേളക്ക് മെട്രോ നഗരിയൊരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ എൻ.ആർ.എൽ.എം അടക്കം വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ഈ മാസം 21 മുതൽ ആരംഭിക്കുന്ന ദേശീയ സരസ് മേളക്കാണ് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങിയത്. പത്ത് ദിനം നീളുന്ന ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ പ്രദർശന വിപണന മേളക്ക് ആദ്യമായാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നത്.
രാജ്യത്തെ 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മേളയുടെ ഭാഗമാകും. ഇവിടങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളെല്ലാം പ്രദർശന -വിപണനത്തിനായി മേളയിലെത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗ്രാമീണ സംരംഭകരുടെ 250 സ്റ്റാളുകളാണ് മേളയിലൊരുക്കുന്നത്. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് സംരംഭകർക്ക് സ്റ്റാൾ അനുവദിക്കുന്നതെന്നതിനാൽ എത്തുന്ന ഉല്പന്നങ്ങളും നിലവാരമുള്ളതായിരിക്കും. ഇതോടൊപ്പം തന്നെ ദിവസവും വൈകീട്ട് കലാപരിപാടികൾ, വിവിധ വിഷയങ്ങളിൽ സെമിനാർ എന്നിവയും നടക്കും. പ്രവേശനം സൗജന്യവുമാണ്.
ദേശീയ സരസ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് രുചി വൈവിധ്യങ്ങളൊരുക്കുന്ന ഫുഡ്കോർട്ടുകളാണ്. വിവിധ സംസ്ഥാനങ്ങളുടെ തനത് രുചികൾ ഒരു കുടക്കീഴിലൊരുക്കി ആകർഷകമായ രീതിയിലാണ് ഇവിടുത്തെ ക്രമീകരണം. കുടുംബശ്രീയുടെ ഇന്ത്യ ഫുഡ്കോർട്ട്, ഇന്ത്യ ഓൺ എ പ്ലേറ്റ് എന്ന തലക്കെട്ടിൽ 120 ഷെഫുമാരാണ് മേളയിൽ കലവറയുടെ ചുക്കാൻ പിടിക്കുന്നത്. ദിവസവും രാവിലെ 11 മുതൽ രാത്രി 12 വരെ നീളുന്ന രീതിയിലാണ് ഫുഡ്ഫെസ്റ്റിന്റെ പ്രർത്തനം ക്രമീകരിച്ചിരിക്കുന്നത്. സരസ് മേളയുടെ ഏറ്റവും ജനകീയമായ ഇനങ്ങളിലൊന്നായി ഫുഡ്ഫെസ്റ്റിനെ മാറ്റാനാണ് സംഘാടകരുടെ തീരുമാനം.
ദേശീയ സരസ് മേള ജില്ലയിലെ സ്ത്രീ സംരംഭകർക്ക് വഴി കാട്ടിയാകുമെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ടി.എം.റജീന. യാതൊരു ചിലവുകളുമില്ലാതെ സ്ത്രീ സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനുമുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ സരസ് മേള കൊല്ലത്താണ് നടന്നത്.
അവിടെ ഏകദേശം 1.26 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇക്കുറി അതിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പത്ത് ദിനം നീളുന്ന മേളയിൽ മൂന്നര ലക്ഷത്തോളം സന്ദർശകരേയും പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
എല്ലാ സി.ഡി.എസുകളിലും അയൽകൂട്ട സംഗമങ്ങൾ, ചുവരെഴുത്തുകൾ, സിഗ്നേച്ചർ കാമ്പയിനുകൾ, ഫ്ലാഷ് മോബുകൾ, പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപെടുത്തിയുള്ള പ്രചാരണങ്ങൾ, വിഡിയോ സോഷ്യൽ മീഡിയ കാമ്പയിനുകൾ എന്നിവയെല്ലാം സംഘടിപ്പിച്ചുകഴിഞ്ഞു. കൂടാതെ ദീപശിഖ പ്രയാണം, ഭാഗ്യചിഹ്ന പ്രചാരണ യാത്ര, തീം സോങ് പ്രകാശനം, ഫ്ലാഷ് മോബ് എന്നിവയും നടക്കുന്നുണ്ട്. ജില്ലയിലെ 102 സി.ഡി.എസുകളിലും സ്വീകരണം ഏറ്റുവാങ്ങുന്ന ദീപശിഖയും ഭാഗ്യ ചിഹ്നവും 21 ന് കലൂർ സ്റ്റേഡിയത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.