കൊച്ചി: സഹകരണ സംഘങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ നിയമനങ്ങൾ റിക്രൂട്ട്മെൻറ് ബോർഡിന് വിടുന്ന കാര്യത്തിൽ ഹൈകോടതി സർക്കാറിെൻറ നിലപാട് തേടി.
അറ്റൻഡർ, സെയിൽസ്മാൻ, വാച്ച്മാൻ, സ്വീപ്പർ തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങൾ അഴിമതിയാരോപണങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
കോതമംഗലം പിണ്ടിമന സഹകരണ സംഘത്തിലെ തസ്തികകളിലേക്കുള്ള നിയമനങ്ങൾ കോടതി സ്റ്റേ ചെയ്തിരുന്നു. പത്തുശതമാനം പട്ടികജാതി സംവരണം വേണമെന്ന വ്യവസ്ഥയടക്കം ലംഘിച്ചെന്ന പരാതിയിലാണ് പിണ്ടിമന സഹകരണ സംഘം ഭരണസമിതി പരീക്ഷയും നിയമനങ്ങളും നടത്തുന്നത് തടഞ്ഞത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് പഠനം നടത്താൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നതായി സഹകരണ സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചു. സമിതി നൽകിയ ശിപാർശകൾ സർക്കാറിെൻറ പരിഗണനയിലാണെന്നും വ്യക്തമാക്കി. കേരള ബാങ്ക് ഉൾപ്പെടെയുള്ള അപ്പെക്സ് സഹകരണ സ്ഥാപനകളിലെ നിയമനങ്ങൾ നേരത്തേ പി.എസ്.സിക്ക് വിട്ടിരുന്നു. മറ്റു സഹകരണ സ്ഥാപനങ്ങളിൽ ജൂനിയർ ക്ലർക്ക് മുതൽ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനങ്ങൾ സഹകരണ റിക്രൂട്ട്മെൻറ് ബോർഡാണ് നടത്തുന്നത്.സഹകരണ ജോ. രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം ഭരണസമിതിക്കെതിരെ നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ട് ഹാജരാക്കണമെന്നും ഭരണസമിതി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.