മട്ടാഞ്ചേരി: പോർചുഗീസുകാർ പണിത ഇന്ത്യയിലെ ആദ്യ യൂറോപ്യൻ നിർമിത കോട്ടയായ ഇമാനുവൽ കോട്ടയുടെ ശേഷിപ്പുകൾ ഫോർട്ട്കൊച്ചി തീരത്ത് തെളിഞ്ഞുവന്നു. ശക്തമായ കടൽക്ഷോഭത്തിനുശേഷം കടൽ ഇറങ്ങിയപ്പോഴാണ് ചരിത്രത്തിെൻറ കാൽപാടുകൾ ദൃശ്യമാക്കിക്കൊണ്ട് കോട്ടയുടെ ചെങ്കല്ലിൽ തീർത്ത ഭാഗങ്ങൾ തെളിഞ്ഞത്.
1503ലാണ് കൊച്ചി രാജാവിെൻറ അനുമതിയോടെ പോർചുഗീസുകാർ കോട്ട പണിതത്. കോട്ടയോട് അനുബന്ധിച്ച സിഗ്നൽ ടവറിെൻറ അടിത്തറയാണ് തെളിഞ്ഞുവന്നതെന്നാണ് പഴയ രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ചരിത്രകാരൻ താഹ ഇബ്രാഹീം അവകാശപ്പെടുന്നത്. മുമ്പും ഇത്തരത്തിൽ കോട്ടയുടെ ഭാഗങ്ങൾ തെളിഞ്ഞുവന്നിട്ടുണ്ടെങ്കിലും ഇക്കുറി വളരെ വ്യക്തമായാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ഫൗണ്ടേഷൻ ദൃശ്യമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും കോടികൾ മുടക്കി ചരിത്രശേഷിപ്പുകൾ ഖനനം ചെയ്ത് കണ്ടെടുക്കുമ്പോൾ ഇവിടെ സ്വയം തെളിഞ്ഞുവരുന്ന ചരിത്രങ്ങൾപോലും സംരക്ഷിക്കാൻ നടപടിയാകാത്തത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോർട്ട്കൊച്ചി കമാലക്കടവിൽ മാസങ്ങൾക്കുമുമ്പ് പഴയ കരിപ്പുര കെട്ടിടം പൊളിച്ചപ്പോൾ പ്രാചീനശിലകൾ കണ്ടെത്തിയിരുന്നു. താഹ ഇബ്രാഹീമിെൻറ നേതൃത്വത്തിൽ പുരാവസ്തു വകുപ്പിെൻറ അനുമതിയോടെ ഇവ ബാസ്റ്റിൻ ബംഗ്ലാവ് മ്യൂസിയത്തിലേക്ക് മാറ്റി.
പാശ്ചാത്യ അധിനിവേശ ചരിത്രത്തിലെ നാഴികക്കല്ലുകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് കടപ്പുറത്ത് തെളിഞ്ഞ കോട്ടയുടെ അവശിഷ്ടങ്ങൾ. പ്രത്യേകിച്ച്, ഫോർട്ട്കൊച്ചി കാണാൻ വരുന്ന സഞ്ചാരികൾ ചോദിക്കുന്ന ചോദ്യം ഫോർട്ട് അഥവാ കോട്ട എവിടെയെന്നാണ്. ഈ ചോദ്യത്തിന് മറുപടിയെന്നോണം തെളിഞ്ഞ ശേഷിപ്പ് സംരക്ഷിച്ച് നിലനിർത്തണമെന്ന് ടൂറിസ്റ്റ് ഗൈഡുകളും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.