കൊച്ചി: എറണാകുളം ജില്ല പിടിക്കാൻ കാത്തുകാത്തിരുന്ന് ഇടതുമുന്നണി പുറത്തിറക്കിയ അവസാന തുറുപ്പുശീട്ടാണ് ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. പ്രതീക്ഷയോടെ തുടങ്ങിയ നീക്കങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടികൾ നേരിടേണ്ടിവന്നെങ്കിലും പുതിയ സാഹചര്യങ്ങൾ മുന്നണിയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളപ്പിക്കുകയാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ തുണച്ചിട്ടും തങ്ങൾക്കൊപ്പം നിൽക്കാത്ത എറണാകുളം ജില്ല പിടിക്കാൻ ൈക്രസ്തവ വോട്ടുകളുടെ നല്ലൊരു ശതമാനം കിട്ടാതെ പറ്റില്ലെന്ന് മുന്നണി വിലയിരുത്തിയിരുന്നു. കേരള കോൺഗ്രസ്-എമ്മിന് ജില്ലയിൽ രണ്ട് സീറ്റ് നൽകിയത് ക്രൈസ്തവസഭകളുടെ വിശ്വാസമാർജിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. യാക്കോബായ സഭയാകട്ടെ നാളുകളായി തങ്ങൾക്കൊപ്പം നിൽക്കുെന്നന്ന വിശ്വാസവുമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം കത്തോലിക്കസഭ നിർദേശിച്ച ആളെതന്നെ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി. തൃക്കാക്കര, കൊച്ചി, പറവൂർ മണ്ഡലങ്ങളിലും ഈ തീരുമാനം തുണക്കുമെന്ന കണക്കുകൂട്ടലിലെത്തി മുന്നണി.
എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. കേരള കോൺഗ്രസിന് സി.പി.എം സീറ്റ് വിട്ടുനൽകിയതിെൻറ തർക്കത്തിന് പിന്നാലെ, പിറവത്ത് മാണി ഗ്രൂപ് നിശ്ചയിച്ച സ്ഥാനാർഥിയെ ചൊല്ലിയുള്ള സംഘർഷങ്ങളും മുന്നണിയെ ഉലച്ചു. പെരുമ്പാവൂർ സീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾ വേറെ.
എറണാകുളത്ത് സഭ നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളും പുതിയ തലവേദനയായി. ഇതിനിടെയാണ് ബി.ജെ.പിയുമായി അടുക്കുന്ന നിലപാട് യാക്കോബായ സഭയിൽനിന്നുണ്ടായത്. ഇതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ച സ്ഥിതിയായി. എന്നാൽ, ഇപ്പോൾ മുന്നണിക്ക് ആശ്വാസമായ വാർത്തകളാണ് വീണ്ടുമെത്തുന്നത്. മുന്നണിയിലെ തർക്കങ്ങൾക്ക് താൽക്കാലിക വിരാമമായതിന് പിന്നാലെ സീറ്റ് നിർണയത്തിലെ പൊട്ടിത്തെറി യു.ഡി.എഫിെന പ്രതിസന്ധിയിലാക്കി. യാക്കോബായ സഭയുടെ കാര്യത്തിലും ഇപ്പോൾ ആശ്വാസവാർത്തയാണ് ഇടതുമുന്നണിയെ തേടിയെത്തിയത്. യാക്കോബായ-ബി.ജെ.പി ചർച്ച പരാജയപ്പെട്ടത് സഭാ നിലപാട് വീണ്ടും തങ്ങൾക്ക് അനുകൂലമാക്കിമാറ്റുമെന്ന് മുന്നണി കണക്കുകൂട്ടുന്നു.
ഏതു പ്രതിസന്ധിക്കാലത്തും മുന്നണിക്ക് നഷ്ടപ്പെടാത്ത ഉറച്ച വോട്ടുകൾ ജില്ലയിലുണ്ട്. ഇൗ വോട്ടിനൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ വിഭാഗത്തിൽനിന്ന് ലഭിക്കാതെ പോയ വോട്ടുകൾകൂടി ചേർന്നാൽ ജില്ലയിലെ പല സീറ്റിലും വിജയിക്കാനാവുമെന്ന് വീണ്ടും സ്വപ്നം കാണുകയാണ് മുന്നണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.