കാക്കനാട്: തൃക്കാക്കര നഗരസഭ കെട്ടിടത്തിലെ ചോർച്ചയെ ചൊല്ലി കൗൺസിൽ യോഗത്തിൽ വാക്പോര്. നഗരസഭ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്തർക്കമുണ്ടായത്.
നിർമാണത്തിൽ അഴിമതി ഉണ്ടെന്ന യു.ഡി.എഫിന്റെ ആരോപണത്തിനെതിരെ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കരാറുകാർക്ക് ബില്ല് പാസാക്കി കൊടുത്തതിന്റെ രേഖകളുമായാണ് എൽ.ഡി.എഫ് പ്രതികരിച്ചത്. ഇന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു ഫ്രണ്ട് ഓഫിസിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. സർക്കാർ ഏജൻസിയായ സിഡ്കോ ആയിരുന്നു കരാർ ഏറ്റെടുത്തിരുന്നത്. പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷം ഇതുൾപ്പെടെ മൂന്ന് പദ്ധതികളിൽ അഴിമതി ആരോപണം ഉയരുകയും അന്വേഷണം നടത്താൻ കൗൺസിൽ അനുമതിയോടെ വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിജിലൻസിന് പരാതി നൽകിയ ശേഷം കരാർ ഏജൻസിക്ക് 2021 ഫെബ്രുവരിയിൽ 67 ലക്ഷത്തോളം രൂപയുടെ ബില്ല് നഗരസഭ അധ്യക്ഷ പാസാക്കി നൽകിയ രേഖകളായിരുന്നു പ്രതിപക്ഷം കൊണ്ടുവന്നത്.
ഇതിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് കൗൺസിലർമാർ നഗരസഭയിൽ ഇടക്കിടെ കയറിയിറങ്ങുന്ന വിജിലൻസ് ഫ്രണ്ട് ഓഫിസ് നവീകരണവുമായി ബന്ധപ്പെട്ട പരാതി മാത്രം പരിഗണിക്കുന്നില്ലെന്ന് വാദിച്ചു. പിന്നീട് ഇരു വിഭാഗവും തമ്മിൽ മുക്കാൽ മണിക്കൂറോളം വാദപ്രതിവാദം നടന്നു. പിന്നീട് ധനകാര്യ സ്ഥിരംസമിതിയുമായി ബന്ധപ്പെട്ടും യോഗത്തിലും വാക്തർക്കങ്ങൾ ഉണ്ടായി.
യോഗത്തിൽ 49 അജണ്ടകളാണ് പാസാക്കിയത്. നഗരസഭയിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാരോപിച്ച് നേരത്തേ തൃക്കാക്കരയിൽ മുനിസിപ്പൽ സെക്രട്ടറിക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. അന്ന് യോഗത്തിൽ പങ്കെടുക്കാതിരുന്ന സെക്രട്ടറി തിങ്കളാഴ്ചത്തെ യോഗത്തിൽ ഹാജരായിരുന്നു. സെക്രട്ടറി എത്തുന്നതറിഞ്ഞ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. നഗരസഭ കവാടത്തിലാണ് റീത്തുവെച്ച് പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.