കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോർപറേഷനും വിവിധ മുനിസിപ്പാലിറ്റികളും സജ്ജമാകുന്നു. ഡിവിഷനുകളുടെ വിഭജനം പൂർത്തീകരിച്ച് പട്ടിക പുറത്തിറങ്ങി. കൊച്ചി കോർപറേഷനിൽ രണ്ട് ഡിവിഷനും മുനിസിപ്പാലിറ്റികളിൽ അഞ്ച് ഡിവിഷൻവരെയും വർധിക്കും. ആലുവയിൽ മാത്രമാണ് വർധനയില്ലാത്തത്. നിലവിൽ കൊച്ചി കോർപറേഷനിലെ 74 ഡിവിഷൻ 76 ആയി ഉയരും. രണ്ട് എസ്.സി വനിത സംവരണ സീറ്റ് ഉൾപ്പെടെ 37 വനിതാസംവരണ സീറ്റാണ് നിലവിലുണ്ടായിരുന്നത്. പുതിയ പട്ടികപ്രകാരം സ്ത്രീകൾക്ക് സംവരണം ചെയ്യേണ്ടത് 38 ഡിവിഷനാണ്. പട്ടികജാതിക്കാർക്ക് സംവരണം ചെയ്യേണ്ടത് മൂന്ന് സീറ്റും പട്ടികജാതി സ്ത്രീകൾക്ക് സംവരണം ചെയ്യേണ്ടത് രണ്ട് ഡിവിഷനുമാണ്.
13 മുനിസിപ്പാലിറ്റികളാണ് എറണാകുളം ജില്ലയിലുള്ളത്. 42 ഡിവിഷനുള്ള കളമശ്ശേരിയിൽ നാല് ഡിവിഷൻ വർധിച്ച് 46 ആകും. ഇതിൽ 23 ഡിവിഷൻ വനിതാ സംവരണമായിരിക്കും. നാലെണ്ണം പട്ടികജാതി വിഭാഗത്തിന് (പട്ടികജാതിയിൽനിന്നുള്ള വനിതകൾ ഉൾപ്പെടെ) സംവരണം ചെയ്യേണ്ടതാണ്.
മൂന്ന് ഡിവിഷൻ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്കും സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. 31 ഡിവിഷനുള്ള കോതമംഗലത്ത് 33 ആകും. 23 ഡിവിഷൻ വനിതാ സംവരണമായിരിക്കും. നാലിടത്ത് പട്ടികജാതി സംവരണവും രണ്ട് ഡിവിഷൻ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്കുള്ള സംവരണവുമാകും. 30 ഡിവിഷനുള്ള അങ്കമാലിയിൽ 31 ആയി വർധിക്കും. 16 വനിത സംവരണം, ഒരെണ്ണം പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവർക്കുള്ള സംവരണം എന്നിങ്ങനെയാകും. 49 സീറ്റുണ്ടായിരുന്ന തൃപ്പൂണിത്തുറയിൽ നാല് ഡിവിഷൻ വർധിച്ച് 53 ആകും.
വനിതാ സംവരണം 15, പട്ടികജാതി സംവരണം ആറ്, പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സ്ത്രീ സംവരണം മൂന്ന് എന്നിങ്ങനെയാകും. 28 ഡിവിഷനുള്ള മൂവാറ്റുപുഴയിൽ രണ്ടെണ്ണം വർധിച്ച് 30 ആകും. വനിത- 15, പട്ടികജാതി വിഭാഗം രണ്ട്, പട്ടികവിഭാഗം സ്ത്രീ ഒന്ന് എന്നിങ്ങനെയുമാകും. 29 ഡിവിഷനുള്ള വടക്കൻ പറവൂരിൽ 30 എണ്ണമാകും. 15 വനിതാ സംവരണം, രണ്ട് പട്ടികജാതി സംവരണം, ഒരു പട്ടികജാതി വനിതാ സംവരണം എന്നിങ്ങനെയാകും. 27 ഡിവിഷനുള്ള പെരുമ്പാവൂരിൽ 29 എണ്ണമാകും. 15 വനിതാ സംവരണം, രണ്ട് പട്ടികജാതി സംവരണം, ഒരു പട്ടികജാതി വനിതാ സംവരണം എന്നിങ്ങനെയുമാകും.
ആലുവയിൽ നിലവിലെ 26 ഡിവിഷൻ തന്നെ തുടരും. 43 ഡിവിഷനുള്ള തൃക്കാക്കരയിൽ 48 ആയി ഉയരും. 24 വനിതാ സംവരണം, നാല് പട്ടികജാതി സംവരണം, രണ്ട് പട്ടികജാതി വനിതാ സംവരണം എന്നിങ്ങനെയായിരിക്കും സീറ്റുകൾ.
31 ഡിവിഷനുള്ള ഏലൂരിൽ 32 ആകും. 16 വനിതാ സംവരണം, മൂന്ന് പട്ടികജാതി സംവരണം, രണ്ട് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സ്ത്രീ സംവരണം എന്നിങ്ങനെയാണ് സീറ്റുകൾ. 33 ഡിവിഷനുള്ള മരടിൽ 35 ആയി വർധിക്കും. 18 വനിതാ സംവരണം, മൂന്ന് പട്ടികജാതി സംവരണം, രണ്ട് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സ്ത്രീ സംവരണം എന്നിങ്ങനെയാണ് ഡിവിഷനുകൾ. കൂത്താട്ടുകുളത്ത് ഡിവിഷനുകൾ 25ൽനിന്ന് 26 ആകും. 13 വനിതാ സംവരണം, രണ്ട് പട്ടികജാതി വിഭാഗത്തിനുള്ള സംവരണം, ഒരു പട്ടികജാതി വിഭാഗത്തിലെ വനിതാ സംവരണം എന്നിങ്ങനെയാകും. പിറവത്ത് ഒരു ഡിവിഷൻ വർധിച്ച് 28 ആകും. 14 വനിതാ സംവരണം, രണ്ട് പട്ടികജാതി സംവരണം, ഒരു പട്ടികജാതി വിഭാഗത്തിൽനിന്നുള്ള വനിതാ സംവരണം എന്നിങ്ങനെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.