പെരുമ്പാവൂര്‍: പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ ആസിഡ് പ്ലാന്റ് പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് വല്ലം ജനകീയ കൂട്ടായ്മ. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കമ്പനി വളപ്പിലെ എല്ലാ നിര്‍മിതികളും പൊളിച്ചുനീക്കുന്ന ജോലിക്കൊപ്പം ആസിഡ് പ്ലാന്റിന്റെ ടാങ്കുകളും പൈപ്പുകളും പൊളിക്കും. പ്ലാന്റ് പൊളിക്കുമ്പോള്‍ ആസിഡിന്റെ അംശം മണ്ണിലും കിണറുകളിലും കലരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പ്ലാന്റിന്റെ ടാങ്കുകളിലും പൈപ്പുകളിലുമുള്ള ആസിഡ് സാന്നിധ്യം ശാസ്ത്രീയമായി പരിശോധിച്ച് നിര്‍വീര്യമാക്കി ഭൂമിയില്‍ കലരാതിരിക്കാനുള്ള മുന്‍കരുതൽ സ്വീകരിച്ചേ പൊളിക്കുന്ന ജോലികള്‍ ആരംഭിക്കാവൂ എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച് മുന്‍ പരിചയമില്ലാത്ത കരാറുകാരും തൊഴിലാളികളുമാണ് പൊളിച്ചുമാറ്റുന്ന ജോലി ചെയ്യുന്നത്.
വേണ്ട മുന്‍കരുതുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ആസിഡ് വലിയ തോതില്‍ കമ്പനിക്ക് സമീപത്തുകൂടി ഒഴുകുന്ന പെരിയാറിലും കലരുന്ന അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തര സ്റ്റോപ് മെമ്മോ നല്കി പ്ലാന്റ് പൊളിച്ചുനീക്കുന്നത് നിര്‍ത്തിവെപ്പിക്കണമെന്ന് സേവ് വല്ലം ജനകീയ കൂട്ടായ്മ മുനിസിപ്പല്‍ ചെയര്മാന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂട്ടായ്മ ചെയര്മാന് വി.എം അലിയാര്, കണ്‍വീനര്‍ എം.എ. ഷിഹാബ്, ബീവി അബൂബക്കര്‍, സാലിദ സിയാദ്, എസ്.എ. അലിയാര്, എം.ബി. ഹംസ, ഷാജി കുന്നത്താന്‍, എം.ഇ. നജീബ്, സലീം മൂക്കട, ഷാനി വല്ലം, മനാഫ് കരീം, മാഹിന്‍ കരീം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.