കൊച്ചി: കാർഷിക, വ്യവസായിക മേഖലകളുടെ സംഗമ ഭൂമിയായ കുന്നത്തുനാട് നിയമസഭ മണ്ഡലത്തിന് തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളേയും മാറിമാറി വരിച്ച ചരിത്രമാണുള്ളത്. 2011 മുതൽ പട്ടികജാതി സംവണ മണ്ഡലമായ കുന്നത്തുനാടിന് പൊതുവേ യു.ഡി.എഫ് മനസ്സെന്നാണ് വിലയിരുത്തലെങ്കിലും ഇടത് മുന്നണിയേയും അവഗണിക്കാറില്ല.
മണ്ഡല രൂപവത്കരണ ശേഷം 1967 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പമായിരുന്നു. 1977, 1980,1996, 2006, 2021 വർഷങ്ങളിൽ ഇടത് മുന്നണിയും 1982, 1987, 1991, 2001, 2011, 2016 വർഷങ്ങളിൽ കോൺഗ്രസും വിജയിച്ചു.
കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന അന്തരിച്ച ടി.എച്ച്. മുസ്തഫയുടെ തട്ടകമായിരുന്നു ദീർഘകാലം മണ്ഡലം.
തലമുതിർന്ന ഇടത് നേതാക്കളായ എം.കെ. കൃഷ്ണൻ, പി.പി. എസ്തോസ് എന്നിവരും വിവിധഘട്ടങ്ങളിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ വി.ബി. ചെറിയാനും ടി.എച്ച് മുസ്തഫയും മണ്ഡലത്തിൽ പരാജയത്തിന്റെ രുചിയും അറിഞ്ഞിട്ടുണ്ട്. 2021ൽ സിറ്റിങ് എം.എൽ.എ ആയിരുന്ന കോൺഗ്രസിലെ വി.പി. സജീന്ദ്രനെ 2,717 വോട്ടിന് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ പി.വി. ശ്രീനിജിൻ മണ്ഡലം പിടിച്ചെടുത്തത്.
ട്വൻറി-20യും മത്സര രംഗത്തിറങ്ങിയതോടെ ശക്തമായ ത്രികോണമത്സരമായിരുന്നു. ശ്രീനിജിൻ 51,180 വോട്ടും വി.പി. സജീന്ദ്രൻ 48,463 വോട്ടും നേടിയപ്പോൾ ട്വൻറി-20 സ്ഥാനാർഥി ഡോ. സുജിത് പി.സുരേന്ദ്രൻ 41,890 വോട്ട് കരസ്ഥമാക്കി. വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, തിരുവാണിയൂൂർ, വടവുകോട് -പുത്തൻകുരിശ്, പൂതൃക്ക പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. നാല് പഞ്ചായത്തുകൾ ഭരിക്കുന്നത് ട്വൻറി-20യാണ്. സി.പി.എം രണ്ടും കോൺഗ്രസ് ഒരു പഞ്ചായത്തും ഭരിക്കുന്നു. സഭാ വോട്ടുകൾക്ക് നിർണായ സ്വാധീനമുള്ള മണ്ഡലത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കം വോട്ടിങ്ങിനെ സ്വാധീനിച്ചിരുന്നു. എന്നാൽ, ഇക്കുറി അത്തരം തർക്കങ്ങൾ എങ്ങും ദൃശ്യമല്ല. ഇതോടൊപ്പം മുസ്ലിം ന്യൂനപക്ഷ വോട്ടുകളും ഏറെയുണ്ട്.
കൊച്ചിൻ റിഫൈനറിയടക്കം പൊതുമേഖല വ്യവസായ സ്ഥാപനങ്ങളും നിരവധി സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മണ്ഡലമെന്ന നിലയിൽ ഈ മേഖലയുമായി ബന്ധപ്പെട്ടും വലിയ വോട്ട് ബാങ്കുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ട്വൻറി-20യുടെ സാന്നിധ്യമാണ് ഇത്തവണ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ നാല് പഞ്ചായത്തുകളിൽ മാത്രമാണ് പ്രവർത്തനമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഇവർ സാന്നിധ്യമാണ്.
പാർട്ടിയുടെ ആസ്ഥാന മണ്ഡലം എന്ന നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ഒന്നാമതെത്തുക എന്നതാണ് അവരുടെ പ്രധാന അജണ്ട.
ഇതിനെ പ്രതിരോധിക്കാൻ ഇടത്-വലത് മുന്നണികളും ശക്തമായ പ്രചാരണം കാഴ്ചവെക്കുന്നു. ബി.ജെ.പി ക്ക് മണ്ഡലത്തിൽ വോട്ട് നില കുറയുന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം.
2011ൽ ബി.ജെ.പി സ്ഥാനാർഥി 5,862 വോട്ട് നേടിയപ്പോൾ 2016 ൽ അത് 16,459 ആയി ഉയർന്നു. 2021ലാകട്ടെ 7,056 ആയി വോട്ട് നില വീണ്ടും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.