കൊച്ചി: ചേരാനല്ലൂരിൽ വയോധികനായ വ്യാപാരിയെ ക്രൂരമായി മർദിക്കുകയും കട തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. തൃശൂർ കാട്ടൂർ സ്വദേശി ഹരീഷിനെയാണ് പ്രത്യേക അന്വേഷണസംഘം കർണാടകയിലെ ബിഡദിയിൽനിന്ന് പിടികൂടിയത്. ഇവിടെ ഡോഗ് ട്രെയിനറായി വ്യാജപേരിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ ഹരീഷിന്റെ കൂട്ടാളിയായ നിഖിൽ നാരായണനെ കഴിഞ്ഞദിവസം അങ്കമാലി മൂക്കന്നൂരിൽനിന്ന് പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഹരീഷിനെതിരെ മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് എന്നിങ്ങനെ 44ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കാപ്പ കേസ് നിലവിലുണ്ട്.
ഡിസംബറിൽ ചേരാനല്ലൂർ ഇടയക്കുന്നം കപ്പേളക്ക് സമീപമുള്ള ദിയ ബേക്കറിയുടെ ഉടമസ്ഥനെയാണ് ഹരീഷും കൂട്ടാളിയും ചേർന്ന് ആക്രമിച്ചശേഷം കട തല്ലിത്തകർത്തത്.
രണ്ട് മാസം മുമ്പ് ബേക്കറിക്ക് മുന്നിലുണ്ടായ വാക്തർക്കത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം. പിന്നാലെ മൊബൈൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽനിന്നാണ് ഒളിത്താവളം സംബന്ധിച്ച് വിവരം ലഭിച്ചത്. ചേരാനല്ലൂരിൽ വാടകക്ക് താമസിക്കുന്ന ഇയാൾ പൊലീസ് അന്വേഷിച്ച് വീട്ടിൽ എത്തുമ്പോൾ നായ്ക്കളെ തുറന്നു വിടുന്നതും പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.