കൊച്ചി: കൂടുതൽ സുരക്ഷ ഉറപ്പാക്കി യാത്രക്കാർക്ക് മികച്ച യാത്രാനുഭവം പകർന്നുനൽകാൻ പ്രത്യേകം തയാറാക്കിയ എൽ.എച്ച്.ബി കോച്ചുകളുമായി മംഗള ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര ആരംഭിച്ചു. മികച്ച സംവിധാനങ്ങൾ ഒരുക്കിയാണ് ട്രെയിൻ അണിഞ്ഞൊരുങ്ങിയത്. സീറ്റുകൾ മുതൽ സാങ്കേതിക സംവിധാനങ്ങൾ വരെ ആധുനികരീതിയിൽ സജ്ജീകരിച്ച ജർമനിയിലെ ലിൻക് ഹോഫ്മാൻ ബുഷ്(എൽ.എച്ച്.ബി) കോച്ചുകളാണ് പ്രത്യേകത.
ആകെ ആറ് മംഗള എക്സ്പ്രസ് ട്രെയിനിൽ മൂന്നെണ്ണത്തിലാണ് നിലവിൽ എൽ.എച്ച്.ബി കോച്ചുകൾ. ഇതിൽ ആദ്യത്തേത് എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഞായറാഴ്ച യാത്ര ആരംഭിച്ചു. രണ്ടാമത്തേത് തിങ്കളാഴ്ചയും മൂന്നാമത്തേത് 18നും യാത്ര തിരിക്കും. രണ്ട് എ.സി ടു ടയർ കോച്ച്, ആറ് എ.സി ത്രീ ടയർ കോച്ച്, എട്ട് സ്ലീപ്പർ ക്ലാസ് കോച്ച്, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിങ്ങനെ 22 എൽ.എച്ച്.ബി കോച്ചാണ് ട്രെയിനിലുള്ളത്.
2000ലാണ് ആദ്യമായി എൽ.എച്ച്.ബി കോച്ചുകൾ ഇന്ത്യയിലെത്തിച്ചത്. പിന്നീട് സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമിച്ചുതുടങ്ങി. അപകടത്തിൽപെട്ടാൽ കോച്ചുകൾ തമ്മിൽ തുളച്ചുകയറുന്ന സ്ഥിതിയുണ്ടാകില്ല. കൂട്ടിയിടിച്ചാൽ കോച്ചുകൾ പരസ്പരം മുകളിലേക്ക് വീഴില്ല. സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ട് നിർമിച്ച ബോഡി കൂടുതൽ സുരക്ഷിതമാണ്. ഓരോ കോച്ചിലും ഉയർന്ന വേഗത്തിലും കാര്യക്ഷമമായ ബ്രേക്കിങ്ങിന് വേണ്ടി അഡ്വാൻസ്ഡ് ന്യൂമാറ്റിക് ഡിസ്ക് ബ്രേക്ക് സിസ്റ്റം ഉണ്ട്.
മോഡുലാർ ഇൻറീരിയർ ലൈറ്റിങ് സീലിങ്ങിലേക്കും ലഗേജ് റാക്കുകളിലേക്കും സമന്വയിപ്പിക്കുന്നു. എൽ.എച്ച്.ബി കോച്ചുകളുടെ മെച്ചപ്പെട്ട സസ്പെൻഷൻ യാത്രക്കാർക്ക് കൂടുതൽ യാത്രസുഖം ഉറപ്പാക്കും. പരമ്പരാഗത കോച്ചുകൾ 100 ഡെസിബെൽ ശബ്ദം പുറപ്പെടുവിക്കുമ്പോൾ എൽ.എച്ച്.ബി പരമാവധി 60 ഡെസിബെൽ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.