കൊച്ചി: മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ട്വൻറി 20. കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റിനോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കൽ സ്റ്റോറാണ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി വരണാധികാരികൂടിയായ ജില്ല കലക്ടർ അടപ്പിച്ചത്.
പ്രദേശവാസികളായ അൽതാഫ്, സുധീർ എന്നിവർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ, നടപടിക്ക് പിന്നിൽ കുന്നത്തുനാട് എം.എൽ.എയും പാർട്ടിയും ആണെന്ന് ആരോപിച്ച് ട്വൻറി 20 രംഗത്ത് വന്നതോടെയാണ് സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നത്. പരാതി നൽകിയവർ എം.എൽ.എയുമായി അടുത്ത ബന്ധമുള്ളവരാണെന്നതാണ് ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിച്ചത്. ഇതോടെയാണ് ചാലക്കുടി, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി ഇത് പ്രധാന പ്രചാരണവിഷയമാക്കി മാറ്റിയത്.
ആദ്യഘട്ടത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല നടത്തിയ അവർ ഈസ്റ്റർ ദിനത്തിൽ വാർഡ് തലങ്ങളിൽ ജീവൻരക്ഷാ സംഗമങ്ങളും നടത്തി. ബോണ്ട് വിവാദത്തിൽപെട്ട് പ്രതിരോധത്തിലായിരുന്ന ട്വൻറി 20ക്ക് അപ്രതീക്ഷിതമായി ലഭിച്ച പിടിവള്ളിയായി മെഡിക്കൽ സ്റ്റോറിന്റെ അടച്ചുപൂട്ടൽ. ഇതോടെ ഇവരുടെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ബോധപൂർവം തടയിടുകയാണെന്ന പ്രചാരണത്തിന് ആക്കം കൂടുകയും ചെയ്തു. അവശ്യമരുന്നുകൾ 80 ശതമാനം വിലക്കുറവിൽ നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് ട്വൻറി 20 മെഡിക്കൽ സ്റ്റോർ 21ന് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെ 25ന് അടപ്പിക്കുകയും ചെയ്തു. നടപടിക്കെതിരെ കോടതിയെയും സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.