കൊച്ചി: അന്താരാഷ്ട്ര സുസ്ഥിര ഗതാഗത ദിനമായി ആചരിക്കുന്ന ഞായറാഴ്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ ഒരുക്കുന്നു.സെൽഫി മത്സരം, ലക്കി ഡ്രോ, ക്വിസ് മത്സരങ്ങളാണ് നടക്കുക. ഇലക്ട്രിക് വാഹനമുള്ളവർക്ക് കൊച്ചി മെട്രോ ഒരുക്കുന്ന ലക്കി ഡ്രോയിൽ പങ്കെടുക്കാം. നറുക്കെടുപ്പിൽ പങ്കെടുക്കാൻ പേരും മൊബൈൽ നമ്പറും ഇലക്ട്രിക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറിൽനിന്ന് ലഭിക്കുന്ന ഫോറത്തിൽ പൂരിപ്പിച്ച് അവിടെ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽ നിക്ഷേപിക്കുക. മൂന്ന് ഭാഗ്യശാലികൾക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും.
കൊച്ചി മെട്രോയിൽ സൈക്കിളുമായി യാത്ര ചെയ്യുന്ന ചിത്രം കെ.എം.ആർ.എല്ലിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പോസ്റ്റ് ചെയ്യുന്നത് വഴി സെൽഫി മത്സരത്തിൽ പങ്കെടുക്കാം. ഞായറാഴ്ച കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്കും കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. കൊച്ചി മെട്രോയും എഥർ ഓട്ടോസ്റ്റാർക് എനർജിയുമായി ചേർന്ന് നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം.
കൊച്ചി: ശനിയാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവിസ് നടത്തും. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്.എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവിസ് 11.30ന് ആയിരിക്കും. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ട്.
മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് തിരികെ യാത്രക്കുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാം. മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനാകും. തിരക്ക് നിയന്ത്രിക്കാൻ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
തൃശൂർ, മലപ്പുറം ഭാഗങ്ങളിൽനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാം. 50 കാറുകളും 10 ബസുകളും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്. പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും.
15 ബസുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിൽനിന്ന് റോഡുമാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലെത്താം. കോട്ടയം, ഇടുക്കി മേഖലകളിൽനിന്ന് വരുന്നവർക്ക് എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽനിന്ന് മെട്രോ സേവനം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.