ഫോർട്ട്കൊച്ചി: നാട്ടുകാരെ ദുരിതത്തിലാക്കി പൊതുമരാമത്ത് വിഭാഗത്തിന്റെ ഫോർട്ട്കൊച്ചി ചിരട്ടപ്പാലത്ത് ആരംഭിച്ച കാന നവീകരണ പ്രവൃത്തികൾ. ഏറെ തിരക്കേറിയ ഈ പ്രദേശത്ത് രാത്രി യിലാണ് കാന പൊളിച്ചത്.
പകൽ സ്ളാബുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ വഴി തടസപെടുത്തരുതെന്ന് കരാറുകാരെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ നോക്കിയപ്പോൾ വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത രീതിയിലും സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ കാന പൊളിച്ചതായാണ് കാണുന്നത്.
ഇത് മൂലം കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രായമായവർക്കും വലിയ പ്രയാസമാണ് നേരിട്ടത്. ചില സ്ഥാപനങ്ങളുടെ അടിത്തറ ഇളകിയ നിലയിലാണ്.വൈദ്യുതി പോസ്റ്റുകളും ടെലഫോൺ പോസ്റ്റും ചെരിഞ്ഞ അവസ്ഥയിലാണ്. വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകളും പൊട്ടിയിട്ടുണ്ട്.കാന നിർമാണം സംബന്ധിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു. അതേസമയം കാന നിർമാണം സംബന്ധിച്ച് പ്രദേശവാസികളോട് പറഞ്ഞിരുന്നതായും കുടിവെള്ള പൈപ്പ് പൊട്ടിയത് മാനദണ്ഡങ്ങൾ പാലിക്കാതെ കണക്ഷൻ വലിച്ചത് കൊണ്ടാണെന്നും പൊതുമരാമത്ത് അധികൃതർ പറയുന്നു. കാന നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.