കാക്കനാട്: നിനച്ചിരിക്കാതെ എത്തിയ അതിഥിയുടെ ചിത്രവും വിഡിയോ ദൃശ്യങ്ങളുമായിരുന്നു കാക്കനാട് കഴിഞ്ഞ ദിവസം ഏറ്റവും വൈറലായത്. കലക്ടറേറ്റിനോട് ചേർന്നുകിടക്കുന്ന സിഗ്നൽ ജങ്ഷന് സമീപത്തായിരുന്നു ഗതാഗതം തടസ്സപ്പെടുത്തി പത്തടിയോളം നീളമുള്ള ഭീമൻ മലമ്പാമ്പ് റോഡ് മുറിച്ചുകടന്നത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. സിഗ്നൽ ജങ്ഷന് സമീപം സ്ഥിതിചെയ്യുന്ന കേരള മീഡിയ അക്കാദമി വളപ്പിൽനിന്നാണ് മലമ്പാമ്പ് റോഡിലേക്ക് കയറിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. തുടർന്ന് ഏതാനും മിനിറ്റുകൾക്കകം എതിർവശത്തുള്ള ലീഗൽ മെട്രോളജി ഓഫിസ് സമുച്ചയം സ്ഥിതിചെയ്യുന്ന വളപ്പിലേക്ക് ഇഴഞ്ഞുപോയി. അതേസമയം റോഡിലൂടെ യാത്രചെയ്തിരുന്ന വാഹന യാത്രക്കാർ വണ്ടി നിർത്തി പാമ്പിന് പോകാൻ വഴിയൊരുക്കുകയും ചെയ്തു.
സാധാരണയായി റോഡ് മുറിച്ചുകടക്കാൻ വൈകുന്നവരുമായി യാത്രക്കാർ കൊമ്പുകോർക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ, അപൂർവ 'യാത്രക്കാരനു'വേണ്ടി മറ്റുള്ളവർ ക്ഷമയോടെ കാത്തുനിൽക്കുന്ന രംഗമായിരുന്നു കാണാനായത്.
അതേസമയം, അക്കാദമിയുടെ വനിത ഹോസ്റ്റലിന് അടുത്തുകൂടിയാണ് മലമ്പാമ്പ് റോഡിലേക്ക് ഇഴഞ്ഞുകയറിയത്. സംഭവം അറിഞ്ഞതോടെ ഇവിടത്തെ താമസക്കാർ ആശങ്കയിലാണ്. മീഡിയ അക്കാദമി സ്ഥിതിചെയ്യുന്ന വളപ്പിൽ ഭൂരിഭാഗം സ്ഥലവും കാടുപിടിച്ച നിലയിലാണ്. കുട്ടികൾക്കുള്ള കറക്ഷൻ സെന്റർ ഉൾപ്പെടെ തൊട്ടടുത്തുള്ള മിക്കവാറും സ്ഥാപനങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.