കൊച്ചി: മറൈന്‍ഡ്രൈവില്‍ ആളുകള്‍ പ്രവേശിക്കുന്നതിന് സമയം പരിമിതപ്പെടുത്തി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ.
മറൈന്‍ഡ്രൈവ് പ്രദേശത്തെ സുരക്ഷ, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാൻ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറൈന്‍ഡ്രൈവില്‍ ഏതുസമയത്തും ആളുകള്‍ക്ക് പ്രവേശിക്കുന്നതിനോ സമയം ചെലവഴിക്കുന്നതിനോ ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, രാത്രികാലങ്ങളില്‍ അമിതമായ ഉച്ചഭാഷിണി പ്രയോഗവും ശബ്ദ മലിനീകരണവും അനുവദിക്കില്ല.
ഇത് സൂചിപ്പിക്കുന്ന ബോര്‍ഡ് ജി.സി.ഡി.എ സ്ഥാപിക്കും. ബോര്‍ഡില്‍ പറയുന്ന അനുവദനീയമല്ലാത്ത കാര്യങ്ങള്‍ അവിടെ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കും.വാക്വേയില്‍ ഒരു കാരണവശാലും തെരുവുകച്ചവടം അനുവദിക്കില്ല. മയക്കുമരുന്ന് ഉപയോഗമടക്കം തടയാൻ സി.എസ്.എം.എല്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പരിശോധന ഉറപ്പുവരുത്തുന്നതിന് പൊലീസ് സംവിധാനമൊരുക്കും.
മാലിന്യം എടുക്കുന്നതിനും തരംതിരിക്കുന്നതിനും പഠിപ്പിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ സഹായിക്കുന്നതിനും ശുചിത്വ മിഷന്റെ അംഗീകാരമുള്ള ഹരിത സഹായ സംഘത്തെ ചുമതലപ്പെടുത്തും. മറൈന്‍ ഡ്രൈവിലെ ടൂറിസ്റ്റ് ബോട്ടുകളില്‍ നിന്നുള്ള സീവേജ് മാലിന്യം ജി.സി.ഡി.എയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ സംസ്കരിക്കാൻ നടപടി സ്വീകരിക്കും. കൂടുതല്‍ കുടുംബശ്രീ ജീവനക്കാരെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും നിയമിക്കാൻ ജി.സി.ഡി.എ നടപടിയെടുക്കും.
ടോയ്ലറ്റുകളില് ഒരെണ്ണത്തില്‍ സാനിറ്ററി മാലിന്യം സംസ്കരിക്കുന്നത് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകപരമായി നവീകരിക്കാനും തീരുമാനിച്ചു. ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ അഷ്റഫ്, കൗണ്‍സിലര്‍മാരായ മിനി ദിലീപ്, മനു ജേക്കബ്, ജി.സി.ഡി.എ സെക്രട്ടറി, അസി. പൊലീസ് കമീഷണര്‍ ജയകുമാര്‍, എറണാകുളം മര്‍ച്ചന്റ്സ് ചേംബര്‍ പ്രസിഡന്റ് മുഹമ്മദ് സഗീര്‍, ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അമീര്‍ഷാ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.