കൊച്ചി: മീറ്ററുകൾ വ്യത്യാസത്തിൽ അങ്കമാലി-കുണ്ടന്നൂർ ബൈപാസിനായി ഭൂമിയേറ്റെടുക്കൽ നടപടി വരുമ്പോൾ ദേശീയ പാത 85 പദ്ധതിയിൽ കുരുങ്ങി സ്ഥലം മരവിപ്പിക്കപ്പെട്ടവരുടെ ആശങ്ക ഇരട്ടിയാകുന്നു. എറണാകുളം തൃപ്പൂണിത്തുറ മുതൽ പുത്തൻകുരിശ് മറ്റക്കുഴിവരെ 32 വർഷമായി ഒരു ക്രയവിക്രയവും സാധ്യമാകാതെ ദുരിതത്തിലായ 219 ഭൂവുടമകളാണ് ഇനിയെന്തെന്ന ചോദ്യവുമായി അധികാരികളെ സമീപിക്കുന്നത്.
പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി തങ്ങളുടെ ഭൂമിയുടെ കാര്യത്തിൽ അന്തിമ നടപടിയുണ്ടാകണമെന്നാണ് അവരുടെ ആവശ്യം. പുതുതായി വരുന്ന പാതയും മുമ്പ് ഏറ്റെടുത്ത ഭൂമിയും തമ്മിൽ ചെറിയ ദൂരമേയുണ്ടാകൂ എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ആദ്യഘട്ടത്തിൽ കൊച്ചി-മധുര 49 ദേശീയ പാതയെന്ന നിലയിൽ കുണ്ടന്നൂർ-തിരുവാങ്കുളം-പുത്തൻകുരിശ്-കോലഞ്ചേരി-മൂവാറ്റുപുഴ റൂട്ടിൽ നിലവിലെ പാത വികസിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.
അതിനുശേഷം എൻ.എച്ച് 85 എന്ന നിലയിൽ കൊച്ചി-ധനുഷ്കോടി പദ്ധതിയായി ഇത് മാറ്റി. ഇതിൽ ഉൾപ്പെടുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുനിന്ന് തിരുവാങ്കുളം, തൃപ്പൂണിത്തുറവഴി കുണ്ടന്നൂരിലേക്ക് എത്തുന്ന തൃപ്പൂണിത്തുറ ബൈപാസിന് 8.33 കിലോമീറ്ററാണ് ദൂരം. മറ്റക്കുഴി മുതൽ തൃപ്പൂണിത്തുറ റെയിൽവേ പാതയുടെ കിഴക്കുവശം വരെ 16 ഹെക്ടറാണ് പദ്ധതിയിൽ ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ, പല കാരണങ്ങൾകൊണ്ട് നാല് ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. ബാക്കി 12 ഹെക്ടർ മരവിപ്പിച്ചു.
32 വർഷമായി ഇതാണവസ്ഥ. ഇവിടെയുള്ളവർക്ക് വീടുകളുടെ പുനരുദ്ധാരണം നടത്താനോ ഭൂമി വിൽക്കുന്നതിനോ മറ്റ് ക്രയവിക്രയത്തിനോ സാധിക്കുന്നില്ല. ഇത്തരത്തിൽ ദുരിതം അനുഭവിക്കുമ്പോഴാണ് കൊച്ചി-തേനി ദേശീയ പാതയായി പദ്ധതി മാറ്റിയത്. ഇതോടെ അലൈൻമെന്‍റും മാറി എന്നാണ് പറയുന്നത്. മരവിപ്പിച്ചിരിക്കുന്ന ഭൂമിക്ക് മീറ്ററുകൾ മാത്രം അകലെ കൂടിയാണ് പുതിയ പാത. അതിനുശേഷം, ആറുവരിപ്പാതയായി കുണ്ടന്നൂർ-അങ്കമാലി ബൈപാസും സമീപത്തുകൂടെ വരുകയാണെന്ന് വിവരം ലഭിച്ചു.
ഈ രണ്ട് പദ്ധതിയിൽ ഏതെങ്കിലും ഒരെണ്ണത്തിൽ ഉൾപ്പെടുത്തി തങ്ങളുടെ ഭൂമിക്ക് ന്യായവില നിശ്ചയിച്ച് ഏറ്റെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അല്ലാത്തപക്ഷം ഭൂമി മരവിപ്പിച്ച നിലയിൽ തുടരുമെന്നതാണ് അവരുടെ ആശങ്ക. എം.പിമാരായ തോമസ് ചാഴികാടൻ, ബെന്നി ബഹനാൻ എന്നിവർ വിഷയത്തിൽ ഇടപെട്ടിരുന്നു. മുമ്പ് ഏറ്റെടുത്ത ഭൂമി കുണ്ടന്നൂർ-അങ്കമാലി പാതയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം താൻ കേന്ദ്രമന്ത്രിയോട് ഉന്നയിച്ചിരുന്നുവെന്നും പാർലമെന്‍റിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് തോമസ് ചാഴികാടൻ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്‍റെ ഭാരത് മാല പദ്ധതിക്ക് കീഴിലുള്ള ഗ്രീന്‍ഫീല്‍ഡ് പാതയായാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിര്‍മിക്കുന്നത്. ദേശീയ പാത 66ല്‍ ഇടപ്പള്ളി മുതല്‍ അരൂര്‍വരെയുള്ള സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുകയെന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
ദേശീയ പാത 544ന് തുടര്‍ച്ചയെന്ന രീതിയില്‍ ആരംഭിക്കുന്ന ബൈപാസ് ആലുവ, കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലൂടെയായിരിക്കും കടന്നുപോകുന്നത്. നിലവിലെ ദേശീയ പാതയില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലായായിരിക്കും നിര്‍ദിഷ്ട ബൈപാസ്. 17 വില്ലേജുകളിലൂടെയും കടന്നുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.