കൊച്ചി: വിദ്യാർഥികൾക്കായി പുതിയ ട്രാവൽ കാർഡ് പുറത്തിറക്കി കൊച്ചി മെട്രോ. സ്കൂൾ യാത്രകളിൽ കൊച്ചി മെട്രോയെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഈ അധ്യയനവർഷം വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.കുറഞ്ഞ നിരക്കിൽ വിദ്യാർഥികളുടെ സ്കൂൾ/കോളജ് യാത്രകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ പുതിയ ട്രാവൽ പാസ് വിദ്യ-45 പുറത്തിറക്കിയത്. അഭിനേത്രിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ കുട്ടികളായ കെയ്റ്റ്ലിനും കെൻഡലുമാണ് സ്കൂൾ വിദ്യാർഥികൾക്ക് പാസ് സമ്മാനിച്ച് വിദ്യ 45ന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഈ കാർഡ് ഉപയോഗിച്ച് ഒരു വിദ്യാർഥിക്ക് 45 ദിവസത്തിനകം 50തവണ ഏത് മെട്രോ സ്റ്റേഷനിൽനിന്ന് എത്രദൂരവും യാത്രചെയ്യാം. 495 രൂപയാണ് പാസിന്‍റെ നിരക്ക്. വിദ്യ45 ട്രാവൽ പാസ് ഉപയോഗിക്കുന്ന വിദ്യാർഥിക്ക് ഒരുതവണ മെട്രോയിൽ എത്ര ദൂരവും യാത്രചെയ്യാൻ വെറും 10 രൂപയിൽ താഴെ മാത്രംമതി എന്നത് ശ്രദ്ധേയമാണ്. വാലിഡിറ്റി തീരുന്നതനുസരിച്ച് കാർഡ് മെട്രോ സ്റ്റേഷനിൽനിന്ന് റീചാർജ് ചെയ്ത് ഉപയോഗിക്കാം.
സ്കൂൾ/കോളജിൽനിന്നുള്ള തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയുമായി വന്ന് എല്ലാ മെട്രോ സ്റ്റേഷനുകളിൽനിന്ന് ട്രാവൽപാസ് വാങ്ങാനാകും. 25 വയസ്സിന് താഴെയുള്ള വിദ്യാർഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷകൾക്കും ജോലിക്കായുള്ള പ്രവേശന പരീക്ഷകൾക്കും കോച്ചിങ് നൽകുന്ന അംഗീകൃത സെന്‍ററുകളിലെ അധികൃതരിൽനിന്ന് വിദ്യാർഥിയുടെ ഫോട്ടോ പതിച്ച സത്യവാങ്മൂലം സമർപ്പിച്ചാലും പാസ് വാങ്ങാനാകും.
25 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിച്ച് പാസ് വാങ്ങാനാവുക. ഒരു ദിവസത്തെയും ഒരുമാസത്തെയും വാലിഡിറ്റി വീതമുള്ള അൺലിമിറ്റഡ് ട്രാവൽ പാസുകളായ 50 രൂപയുടെ വിദ്യ-1900 രൂപയുടെ വിദ്യ-30 എന്നീ പാസുകൾക്ക് പുറമെയാണ് കൊച്ചി മെട്രോ പുതിയ പാസ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് +91 77363 21888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.