കൊച്ചി: പത്താം ക്ലാസുകാരി എൻ.എ. ആമിനയും കൂട്ടരും മികവോടെ അഭിനയിച്ച ഒരു ഷോർട്ട്ഫിലിമുണ്ട്. സ്വപ്നം പോലൊരു ജീവിതത്തെ സ്ക്രീനിൽ കാണിക്കുന്ന ഷോർട്ട്ഫിലിം വെള്ളിയാഴ്ച പുറത്തുവരും. കളമശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ആമിന. സെറിബ്രൽ പാൾസി അവസ്ഥയിലുള്ള ഈ കുട്ടികൾ ടെലിഫിലിമിലൂടെ പറയാതെ പറയുന്നൊരു കാര്യമുണ്ട് 'ഞങ്ങളോട് സഹതാപം വേണ്ട, പേക്ഷ, ഞങ്ങളെയും ഉൾക്കൊള്ളണം'.
കുട്ടമശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സിയ ഫാത്തിമ, ശ്രീമൂലനഗരം ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ദേവദത്ത്, കീഴ്മാട് ബ്ലൈൻഡ് സ്കൂളിലെ രണ്ടാംക്ലാസുകാരൻ മുബഷിർ, പച്ചാളം ബോയ്സ് സ്കൂളിലെ അമേയ സെലിൻ, എച്ച്.എം.ടി കോളനി ഗവ. എൽ.പി സ്കൂളിലെ മുഹമ്മദ് അഫ്രാൻ, തൃക്കാക്കര ദാറുസ്സലാം സ്കൂളിലെ അയിഷ, അധിദേവ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കളമശ്ശേരി അൽഫ പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെൻററാണ് 'ഞങ്ങളും' എന്ന് പേരിട്ട ഷോർട്ട്ഫിലിം പുറത്തിറക്കുന്നത്. കളമശ്ശേരി ഹോട്ടൽ സീപാർക്ക് ഓഡിറ്റോറിയത്തിലാണ് പ്രകാശനം. എട്ടു വർഷമായി ഭിന്നശേഷി കുട്ടികൾക്ക് മികച്ച പുനരധിവാസ ചികിത്സ നൽകുന്ന സ്ഥാപനമാണ് അൽഫ.
അൽഫ പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെൻററിന് തുടക്കമിട്ട അനസ് കെ. കബീർ, ഡയറക്ടറും റീഹാബിലിറ്റേഷൻ ചൈൽഡ് െഡവലപ്മെൻറ് സ്പെഷലിസ്റ്റുമായ ഷാനി അനസുമാണ് 10 മിനിറ്റ് നീളുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തത്. വിവേക് ജനാർദനൻ, രഞ്ജു പുതൂർ എന്നിവർ കാമറ ചലിപ്പിച്ചു. വിജയ ദയാലാണ് മ്യൂസിക്.
'അഞ്ചാം വയസ്സിൽ ആദ്യമായി നടന്നുതുടങ്ങിയ സെറിബ്രൽ പാൾസി ബാധിച്ച കുട്ടിക്ക് സ്കൂളിൽ നടന്നുകയറേണ്ടി വന്നത് നാലുനിലകളാണ്. പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ ഒട്ടേറെ ചെയ്യുമ്പോഴും ഇപ്പോഴും കാര്യമായൊന്നും ലക്ഷ്യം കണ്ടിട്ടില്ല' -അൽഫ പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെൻററിെൻറ തുടക്കക്കാരനായ അനസ് കെ. കബീർ പറയുന്നു.
വീൽചെയർ കയറാൻ പറ്റുന്ന പാർക്കുകൾ ഇവിടെയില്ല. ഭിന്നശേഷി കുട്ടികൾക്ക് പിടിച്ചുകയറാൻ പറ്റുന്ന ബസുകൾ പോലുമില്ല. ജീവിതകാലം മുഴുവൻ നീളുന്ന ഭിന്നശേഷി ജീവിതമാണ് ഇവരുടേത്. മറ്റുള്ളവരുടെ സഹതാപം ലഭിക്കുന്നതിലല്ല കാര്യം. പകരം ഇവർക്കു പരസഹായം കൂടാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ഭിന്നശേഷി സൗഹൃദ അന്തരീക്ഷമുള്ള സ്വകാര്യ സ്കൂളുകളുണ്ട്. വലിയ ഫീസ് കൊടുത്തുവേണം ഇവിടെ പ്രവേശനം നേടാൻ. അതിന് കഴിയാത്തവരാണ് കൂടുതൽ പേരും.
ശാരീരിക പരിമിതിയുണ്ടെങ്കിലും ഭിന്നശേഷിയുള്ള പല കുഞ്ഞുങ്ങളിലും ബുദ്ധിപരമായ കഴിവുകൾ സാധാരണ രീതിയിലോ അതിനു മുകളിലോ ആണ്. അങ്ങനെയുള്ളവരെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടാതെ അവരെക്കൂടി മറ്റു കുഞ്ഞുങ്ങളുടെ ലോകത്തേക്ക്, സ്കൂൾ മുറ്റങ്ങളിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ കൂടി തയാറാകണമെന്ന് അനസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.