കൊച്ചി: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മുടിസൗന്ദര്യം ഒരുകാലത്ത് കാത്തുസൂക്ഷിച്ചത് ഫോർട്ട്കൊച്ചിക്കാരൻ പി.എം. നൗഷാദിന്റെ കൈമിടുക്കായിരുന്നു. ആ കരുതലിന് ഹൃദയത്തിൽനിന്നൊരു കൈയൊപ്പ് വെള്ളക്കുപ്പായത്തിൽ ചാർത്തി മറഡോണ കൊടുത്തു.
ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം ജീവിതത്തോളം വില കൽപിച്ചിരുന്നു അൻവർ എന്ന പി.എം. നൗഷാദ് ആ കുപ്പായത്തിന്. പിടിച്ചുനിൽക്കാൻ കച്ചിത്തുരുമ്പുപോലും ഇല്ലാതെ വന്നതോടെ ഇപ്പോൾ ആ കുപ്പായം വിൽപനക്ക് വെച്ചിരിക്കുകയാണ്.
നാട്ടിൽ ടി.വി-വി.സി.ആർ സർവിസിന്റെ പണികളുമായി കഴിയുന്നതിനിടെ അളിയനാണ് ബാർബർ ജോലി പഠിച്ചാൽ ഗൾഫിൽ വേഗം വിസ കിട്ടുമെന്ന് പറയുന്നത്. ഒട്ടും ഇഷ്ടമില്ലായിരുന്നു. എന്നാലും ജീവിതം മുന്നോട്ട് പോകാൻ ബാർബർ പണി പഠിച്ചു.
അങ്ങനെ ദുബൈയിലെത്തി. 2011 അവസാനത്തോടെ യു.എ.ഇ ക്ലബായ അൽവാസലിന്റെ ഹെയർഡ്രസറായി ജോലി കിട്ടി. അതായിരുന്നു ജീവിതം മാറ്റിമറിച്ചത്. ആ ക്ലബിന്റെ കോച്ചായി മറഡോണ എത്തിയതോടെ അദ്ദേഹത്തിന്റെ പ്രിയ ഹെയർഡ്രസറായി നൗഷാദ് മാറി. ദുബൈയിലെത്തുമ്പോൾ ലോങ് ഹെയറായിരുന്നു മറഡോണയുടെ സ്റ്റൈൽ.
അറബികൾക്ക് ഷോർട്ട് ഹെയറാണ് ഇഷ്ടം. മറഡോണ മുടി ചെറുതാക്കിക്കൊള്ളാൻ പറഞ്ഞു. ഞാൻ ഏത് സ്റ്റൈൽ വേണമെന്ന് ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഞാൻ ഒരു ലൈനൊക്കെ ഇട്ട് അങ്ങ് വെട്ടി. അത് അദ്ദേഹത്തിന് ഇഷ്ടമായി. അവിടെ നിന്നാണ് ആത്മബന്ധം തുടങ്ങിയതെന്നും നൗഷാദ് ഓർക്കുന്നു.
1986ൽ മറഡോണയുടെ കളി ഫോർട്ട് കൊച്ചിയിലെ കൂട്ടുകാരന്റെ വീട്ടിൽ ഉറക്കമിളച്ചിരുന്നു കണ്ട കാലവുമുണ്ട്. അദ്ദേഹത്തിന്റെ മുടി വെട്ടിയ ആ നിമിഷം മുതലാണ് ആ ജോലി ഇഷ്ടപ്പെടാൻ തുടങ്ങിയത്. ഒരിക്കൽ മകന്റെ പിറന്നാളിന്റെ സന്തോഷം മറഡോണക്കൊപ്പം പങ്കുവെച്ചപ്പോൾ സ്നേഹത്തോടെ ഒപ്പിട്ട് നൽകിയതാണ് ടി ഷർട്ട്.
മകൻ ബ്രസീൽ ആരാധകനായിരുന്നു. ദുബൈയിൽ പരിശോധനയുടെ ഭാഗമായി പൊലീസിന് കമ്പനിയുടെ ഐ.ഡി കാർഡ് കാണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് മറഡോണയെ കണ്ടിട്ടുണ്ടോ എന്നാണ്. മുടിവെട്ടുന്നത് താനാണെന്ന് അറിഞ്ഞാൽ വി.ഐ.പി സ്വീകരണം കിട്ടിയതായും നൗഷാദ് പറയുന്നു.
2016ലാണ് ദുബൈയിൽനിന്ന് മടങ്ങുന്നത്. തിരികെ നാട്ടിലെത്തിയതോടെ പലതരം പ്രതിസന്ധികളിൽപെട്ടു. കോവിഡ് വന്നതോടെ ജീവിതം പൂർണമായും വഴിമുട്ടി. വാടക വീട്ടിലാണ് താമസം. സ്വന്തം വീട് വേണം, ജീവിതം സുരക്ഷിതമാക്കണം, പട്ടിണിയിൽനിന്ന് കരകയറണം.
അതിനുവേണ്ടിയാണ് ഈ പ്രിയപ്പെട്ട കുപ്പായം വിൽക്കാൻ വെക്കാൻ തയാറായത്. 10 ലക്ഷം രൂപയെങ്കിലും ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അൻവർ പറഞ്ഞു. ഈ ജഴ്സി ഞാൻ ഇട്ടിട്ടില്ല. അന്ന് കിട്ടിയതുപോലെ സൂക്ഷിക്കുകയാണെന്ന് അർജന്റീന ടീമിന്റെ ആരാധകൻകൂടിയായ നൗഷാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.