ഫോർട്ട്കൊച്ചി: താലൂക്ക് ആശുപത്രിയിൽ പ്രസവവിഭാഗം ഡോക്ടർക്കെതിരെ പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന. സമരം ചെയ്ത നഴ്സുമാർക്കെതിരെ പ്രതിഷേധവും കൂക്കുവിളിയുമായി രോഗികളും നാട്ടുകാരും. ജനകീയ ഡോക്ടർ എന്ന വിശേഷണമുള്ള ഡോക്ടർക്കെതിരെ കെ.ജി.എൻ.എയാണ് സമരവുമായി രംഗത്തെത്തിയത്. നഴ്സിങ് ഓഫിസറെ കൈയേറ്റം ചെയ്തെന്നും ഡോക്ടർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഗൈനക്കോളജി ഡോക്ടർമാർ നഴ്സിങ് ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയാണെന്നും ഇവർ ആരോപിച്ചു.
ആശുപത്രിക്കു മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സ്മിത ബക്കർ, പ്രസിഡൻറ് ടി.ആർ. അജിത, സംസ്ഥാന കമ്മിറ്റി അംഗം എം. അഭിലാഷ് എന്നിവർ സംസാരിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനും ജില്ല മെഡിക്കൽ ഓഫിസർക്കും നൽകിയ പരാതിയിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം ജില്ല തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.അതേസമയം പ്രതിഷേധം സംഘടിപ്പിച്ച നഴ്സുമാരുടെ സംഘടനക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ ആശുപത്രി പരിസരത്ത് നാടകീയ രംഗങ്ങളുണ്ടായി. നഴ്സുമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ഡോക്ടർമാർക്കെതിരെ പ്രതിഷേധവുമായി എത്തിയത് അപഹാസ്യമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. നാട്ടുകാരും നഴ്സുമാരുമായി വാക്തർക്കവുമുണ്ടായി. രംഗം വഷളായതോടെ പൊലീസ് ഇടപെട്ടു. പൊതുപ്രവർത്തകരായ ഷമീർ വളവത്ത്, ഷീജ സുധീർ, ഹസീന നൗഷാദ്, ജാസ്മി റഫീഖ്, സജി, ഇന്ദു ജ്യോതിഷ്, ആർ. ബഷീർ, സുജിത്ത് മോഹൻ, അമ്പു എന്നിവർ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകി. ചികിത്സയിൽ കഴിയുന്ന ഗർഭിണികളടക്കമുള്ളവർ ഡോക്ടർമാർക്ക് പിന്തുണയുമായെത്തി.അതേസമയം ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അത് സംസാരിച്ച് തീർക്കുമെന്നും ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്നും ഡിവിഷൻ കൗൺസിലറും നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമായ ടി.കെ. അഷ്റഫ് പറഞ്ഞു.
ഫോർട്ട്കൊച്ചി: താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫോർട്ട്കൊച്ചി സർക്കാർ പ്രസവ ശുശ്രൂഷ വിഭാഗം സജീവമായതോടെ ആശുപത്രിയിലേക്ക് ചികിത്സക്ക് കൂടുതൽപേർ എത്തുന്നുണ്ട്. വിദഗ്ധരായ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരെ ആശുപത്രിയിൽ എത്തിക്കാനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനും കഴിഞ്ഞതോടെ മാസം നാൽപതോളം പ്രസവങ്ങൾ ആശുപത്രിയിൽ നടക്കുന്നുണ്ട്.
ഇതിനിടയിലാണ് നഴ്സുമാരും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരും തമ്മിൽ തർക്കം ഉടലെടുത്തത്. ഡോക്ടർ നഴ്സിനെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ആശുപത്രിയിൽ നഴ്സുമാരുടെ സംഘടന സമരം ചെയ്തു. എന്നാൽ, ഇതിനെതിരെ ജനകീയ രോഷമുയർന്നതോടെ പ്രശ്നം മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളെന്നാണ് ആക്ഷേപം. ഗൈനക്കോളജി വിഭാഗത്തിലെ മികച്ച ഡോക്ടർമാർ ആശുപത്രിയിൽനിന്ന് പോയാൽ അത് നിലവിൽ ചികിത്സ തേടുന്ന ഗർഭിണികളെ കാര്യമായി ബാധിക്കുമെന്നും പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.