കൊച്ചി: ബംഗ്ലാദേശിലെ എൻ.സി.സി കാഡറ്റുകൾ മലയാളിയായ പി.എസ്. മുഹമ്മദ് ഷാഫിയെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് സിനിമാതാരങ്ങളായ നിവിൻ പോളിയെയും ഫഹദ് ഫാസിലിനെയും പറ്റി. അവർക്ക് മുന്നിൽ ഷാഫി പിടിച്ചുനിന്നത് പ്രേമം സിനിമയിലെ 'മലരേ...' പാടിയും. ഹിന്ദിയിലും ബംഗാളിയിലും ഡബ് ചെയ്ത പടങ്ങൾ കണ്ട് മലയാളി താരങ്ങളുടെ കട്ട ഫാൻസാണ് ബംഗ്ലാദേശികളായ കാഡറ്റുകൾ.
ഇന്ത്യയിൽനിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യ ദിനമായ 'വിക്ടറി ഡേ' ആഘോഷങ്ങളിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട 20 അംഗ എൻ.സി.സി സംഘത്തിന്റെ ഭാഗമായാണ് ഷാഫി പോയത്. സംഘത്തിലെ ഏക മലയാളിയായ ഷാഫി, തേവര എസ്.എച്ച് കോളജ് അവസാന വർഷ ബി.എസ്സി സുവോളജി വിദ്യാർഥിയാണ്. ആലുവ എൻ.എ.ഡി കൈതോത്ത്പറമ്പിൽ വീട്ടിൽ കെ.ഐ. ഷാജിയുടെയും സുനിതയുടെയും മകൻ. പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അന്നത്തെ എൻ.സി.സി ഓഫിസർ ലാജിദ് മുഹമ്മദാണ് എൻ.സി.സി ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. ''ഡിസംബർ 16ന് ബംഗ്ലാദേശിന്റെ വിജയ ദിനത്തിൽ മുഖ്യാതിഥിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അടുത്തുതന്നെ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാനായത് അഭിമാന നിമിഷങ്ങളായിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സേനാംഗങ്ങളെയും കണ്ടു. ധാക്ക, കോക്സസ് ബസാർ, ചിത്തഗോങ് എന്നീ നഗരങ്ങളും സന്ദർശിച്ചു''-ഷാഫി പറയുന്നു.
കര, വ്യോമ, നാവികസേന തലവന്മാരുമായി കൂടിക്കാഴ്ചയും അവരുടെ യുദ്ധക്കപ്പലായ ഷാദിനോട്ടയിൽ കപ്പൽ യാത്രയുമൊക്കെ സന്ദർശനത്തിന്റെ ഭാഗമായിരുന്നു. സി130 ഹെർകുലിസ് വിമാനത്തിലാണ് വിവിധ നഗരങ്ങളിലേക്ക് പറന്നത്. 170 കിലോമീറ്ററോളം നേർരേഖയായി കിടക്കുന്ന കോക്സസ് ബസാർ കടൽത്തീരം കാണാനായതും മികച്ച അനുഭവം പകർന്നെന്നും ഷാഫിയുടെ വാക്കുകൾ.
എൻ.സി.സി കാഡറ്റ് സീനിയർ അണ്ടർ ഓഫിസറാണ് ഷാഫി. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് വീണ്ടും അഭിമുഖവും പരിശീലനവും ഒക്കെ കഴിഞ്ഞാണ് ബംഗ്ലാദേശ് സന്ദർശന സംഘത്തിൽ ഉൾപ്പെട്ടത്. ഇന്ത്യൻ എയർഫോഴ്സിന് കീഴിലെ എൻ.സി.സി മൂന്നാം കേരള എയർ സ്ക്വാഡ്രൺ ടീം അംഗമായ ഷാഫിയുടെ ലക്ഷ്യം വ്യോമ സേനയിൽ ഫൈറ്റർ പൈലറ്റാവുകയെന്നത് തന്നെ. അതിനായി തേവര എസ്.എച്ച് കോളജിൽ എൻ.സി.സി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഡോ. ജോസഫ് ജോർജിന് കീഴിൽ പരിശീലനത്തിലാണ് ഷാഫി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.