കൊച്ചി: പരസ്യ ബോർഡ്, ബാനർ, ഹോർഡിങ്ങുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) ക്യു.ആർ കോഡ് നിർബന്ധമാക്കി. ഇവ തയാറാക്കുമ്പോൾ പി.വി.സി ഫ്രീ, റീസൈക്ലബിൾ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യു.ആർ കോഡ് എന്നിവ നിർബന്ധമായും പതിച്ചിരിക്കണമെന്നും പരിശോധനയിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പി.സി.ബി സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണെന്നും ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ അറിയിച്ചു.
ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയോ പ്രിന്റ് ചെയ്ത സ്ഥാപനത്തിന് എതിരെയോ നടപടി സ്വീകരിക്കും. അച്ചടിക്കാനുള്ള സാമഗ്രികൾ വിൽക്കുന്ന കടകൾ, സ്റ്റോക്ക് ചെയ്തിരിക്കുന്നവയിൽ പി.സി.ബിയുടെ സാക്ഷ്യപത്രം ക്യു.ആർ കോഡ് രൂപത്തിൽ പതിച്ചിരിക്കണം.
ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്ത സാമഗ്രികൾ സൂക്ഷിക്കാനോ അച്ചടിക്കാനോ പാടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പോളി എഥിലീൻ എന്നിവ മാത്രമാണ് അച്ചടിക്ക് ഉപയോഗിക്കാൻ അനുമതി.
‘മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത റീസൈക്കിൾ ചെയ്യാവുന്ന പോളി എഥിലീൻ, 100 ശതമാനം കോട്ടൺ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികൾ മാത്രമേ ഏറ്റെടുക്കൂ, ഉപയോഗശേഷമുള്ള പോളി എഥിലീൻ പുനഃസംസ്കരണത്തിന് ഈ സ്ഥാപനത്തിൽ തിരിച്ചേൽപിക്കേണ്ടതാണ്’ എന്ന ബോർഡ് ഓരോ പ്രിന്റിങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് ആദ്യഘട്ടത്തിൽ 10,000 രൂപയും വീണ്ടും നിയമം ലംഘിച്ചാൽ 25,000 രൂപയും തുടർന്നും ആവർത്തിച്ചാൽ 50,000 രൂപയും പിഴ ഈടാക്കും. ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടിയും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.