കൊച്ചി: അമേരിക്കൻ സി.ഐ.എ പുറത്തുവിട്ട രഹസ്യ രേഖകൾ പ്രകാരം ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത ഒരാൾ സി.ഐ.എ ഏജന്റായിരുന്നെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ 72ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം സി.ഐ.എ പുറത്തുവിട്ട രഹസ്യരേഖകളിൽ ഇടപ്പള്ളി കേസിനെക്കുറിച്ചും പരാമർശമുണ്ട്. 50 വർഷം കൂടുമ്പോൾ സി.ഐ.എ രഹസ്യരേഖകൾ പുറത്തുവിടും. ഇടപ്പള്ളി സംഭവത്തിൽ പങ്കെടുത്ത ഒരു വ്യക്തി സി.ഐ.എയുടെയോ സർക്കാറിന്റെയോ ആളാണെന്ന് സൂചിപ്പിച്ചു. ആ വ്യക്തി ആരാണെന്ന ഊഹിക്കാൻ കഴിയുന്നില്ല.
വ്യക്തിയെപ്പറ്റി നൽകുന്ന മറ്റൊരു സൂചന അദ്ദേഹം പിന്നീട് മുംബൈയിൽ സിനിമ രംഗത്ത് പ്രവർത്തിച്ചയാളാണെന്നാണ്. ഈ കേസിൽ ഉൾപ്പെട്ട എല്ലാവരുടെയും പിൽക്കാലം ജീവിതം നമുക്ക് അറിയാം. ഇവരാരുമായും ഈ വിവരണവുമായി ഒത്തുപോകുന്നില്ല. അക്കാലത്ത് സോവിയറ്റ് യൂനിയൻ ശക്തിപ്രാപിച്ചുവരുന്നതേയുള്ളൂ.
കേരളത്തിൽ നടക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അമേരിക്ക ഗൗരവപൂർവം നോക്കിയിരുന്നുവെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് 72ം വാർഷികത്തെ അനുസ്മരിക്കേണ്ടത്.
ഇടപ്പള്ളി ആക്രമണത്തിൽ രണ്ട് മുഖ്യലക്ഷ്യങ്ങളും പരാജയപ്പെട്ടെന്നതാണ് ചരിത്രം രേഖപ്പെടുത്തുന്ന സത്യം. ഒന്ന് ലോക്കപ്പിലുള്ള സഖാക്കളെ മോചിപ്പിക്കുകയായിരുന്നു; അത് നടന്നില്ല. രണ്ടാമത്തേത് പൊലീസ് മർദനം അവസാനിപ്പിക്കുകയായിരുന്നു. ഇടപ്പള്ളിക്കുശേഷം പൊലീസ് അഴിച്ചുവിട്ടത് ക്രൂരമർദനമായിരുന്നു.
തന്റെ തറവാട്ടിലും അക്കാലത്ത് വിശ്വനാഥ മേനോനെത്തേടി പൊലീസ് റെയ്ഡ് നടത്തി. ഏറ്റവും മർദകനായ പൊലീസുകാരൻ കുഞ്ഞുണ്ണി മേനോനായിരുന്നു. കേസിൽ ചേർക്കാൻ പാടില്ലാത്ത, പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കിടന്ന രണ്ടുപേരെയും പ്രതികളാക്കി. അതും വിദഗ്ധനായ പൊലീസുകാരന്റെ ബുദ്ധിയായിരുന്നു. ഇവരെ പ്രതിയാക്കിയില്ലെങ്കിൽ ഇവർ കോടതിയിൽ സാക്ഷികളാകും. അത് ഒഴിവാക്കാനാണ് രണ്ടുപേരെയും പ്രതികളാക്കിയത്.
കമ്യൂണിസ്റ്റ് പാർട്ടി ജനകീയ പ്രവർത്തനം ഏറ്റെടുത്തതോടെയാണ് 1957ൽ അധികാരത്തിൽ വന്നതെന്നും എൻ.എസ്. മാധവൻ പറഞ്ഞു. പി.എൻ. സിനുലാൽ അധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൻ, അഡ്വ. മജ്നു കോമത്ത്, കെ.എം. ശരത് ചന്ദ്രൻ, സി.ഐ.സി.സി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.