കൊച്ചി: വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം.
ആരോഗ്യ ചികിത്സ മേഖലയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്. കഴിഞ്ഞദിവസം കടവന്ത്രയിലെ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടിയെടുത്തിരുന്നു. മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങുന്ന ഗുളികകൾ ലഹരിമരുന്നായി ദുരുപയോഗം ചെയ്യാറുണ്ടെന്ന് എക്സൈസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം ഗുളികകൾ അഞ്ച് ഗ്രാം മുതൽ കൈവശം വെക്കുന്നതും 10 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്.
ചികിത്സക്കുപയോഗിക്കേണ്ട മരുന്നുകൾ അടുത്തിടെ ലഹരി കടത്തുകാരിൽനിന്നും ലഹരി ഉപയോഗിക്കുന്നവരിൽനിന്നും കണ്ടെടുത്തിരുന്നു. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് നല്കുന്ന വേദന സംഹാരികള്‍, ചുമക്കുള്ള സിറപ്പ് തുടങ്ങിയ മരുന്നുകള്‍ ലഹരിയാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം വില്‍ക്കാനും വാങ്ങാനും അനുമതിയുള്ള ഇത്തരം ചില മരുന്നുകള്‍ അടുത്തിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പിടികൂടിയിട്ടുമുണ്ട്.
കണ്ണ് വെട്ടിക്കാം, അനായാസ ലഭ്യത
യുവാക്കളടക്കമുള്ളവരാണ് മെഡിക്കൽ ഷോപ്പുകളിലെത്തി ഇത്തരം മരുന്നുകൾ വാങ്ങുന്നത്. 15 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് ഇത്തരം വേദന സംഹാരികൾ ലഹരിക്കായി ഉപയോഗിച്ച് വരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചുമക്കുള്ള മരുന്നിലൂടെ ആരംഭിച്ച് പിന്നീടത് വേദനാ സംഹാരികളിലേക്കും ഉറക്ക ഗുളികകളിലേക്കും വരെ എത്തുന്നു.
കുറഞ്ഞവില, ഒറ്റക്കാഴ്ചയിൽ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്ന് തോന്നിപ്പിക്കുന്നതിനാല്‍ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു ഉപയോഗിക്കാനുള്ള സൗകര്യം, അനായാസ ലഭ്യത തുടങ്ങിയവയാണ് പലരും ഇത്തരം വേദന സംഹാരികളിലേക്ക് എത്താൻ കാരണം.
അനധികൃത വിൽപനക്ക് പിന്നില്‍ മാഫിയകളാണെന്നും സൂചനകളുണ്ട്. ലഹരി ഗുളികകൾ തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പ്രവർത്തനം നശിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായ ഉപയോഗം വൃക്കകളെയാണ് ആദ്യം ബാധിക്കുന്നത്.
താമസിയാതെ ഹൃദയത്തിന്റെയും കരളിന്റെയും പ്രവർത്തനവും നിലക്കാൻ ഇടയാകും. വേദന സംഹാരി ഗുളികകളുടെ അമിത ഉപയോഗം മരണത്തിന് വരെ ഇടയാക്കും.
വേട്ടക്ക് എക്സൈസും
വേദനസംഹാരി ഗുളികകള്‍ ലഹരി മരുന്നായി ഉപയോഗിക്കുന്ന കേസുകൾ ജില്ലയിലും പല കേസുകളിൽ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതരും വ്യക്തമാക്കി. വേദന സംഹാരി ഗുളികകള്‍ ഏതെങ്കിലും പാനീയത്തിലടക്കം കലർത്തി ഉപയോഗിക്കുന്നവരുമുണ്ട്.
വരും ദിവസങ്ങളിലും കൂടുതല്‍ മരുന്നു കടകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ തീരുമാനം. എക്സൈസിന് നേരിട്ട് മെഡിക്കൽ സ്റ്റോറുകളിൽ കയറി പരിശോധന നടത്താൻ കഴിയില്ല. അതിനാൽ ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് ലഹരി മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് എക്സൈസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.