പള്ളുരുത്തി: വേമ്പനാട്ടുകായലിന്റെ കൈവഴിയായ പെരുമ്പടപ്പ് കായലിൽ എക്കലും പായലും നിറഞ്ഞു. ഇതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. നൂറോളം ചീനവലകൾ കായലിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചുവള്ളക്കാർ അടക്കമുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുള്ള ഇടംകൂടിയാണ് കായൽ. എന്നാൽ, എക്കൽ നിറഞ്ഞതോടെ തൊഴിലിടം നഷ്ടപ്പെട്ട അവസ്ഥയിലാണ് തൊഴിലാളികൾ.
വേലിയേറ്റ വേളകളിൽ മാത്രമാണ് കായലിൽ വെള്ളം നിറയുന്നത്. ഈ വേളകളിൽ മാത്രം മത്സ്യബന്ധനം നടത്തേണ്ട ഗതികേടിലാണ്. ഇതിനിടയിലാണ് കായലിൽ പോളപ്പായൽ ശല്യവും. എക്കൽ നിറഞ്ഞതോടെ മത്സ്യലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതിനുപുറമെ പായൽ കൂടിയായതോടെ തൊഴിലാളികളുടെ ദുരിതം ഇരട്ടിയായി. വേലിയേറ്റ സമയത്തുപോലും ചീനവലകൾ കായലിലേക്ക് താഴ്ത്താനാവാത്ത അവസ്ഥയാണ്. ഉപരിതലത്തിൽ പായലുകൾ കട്ടപിടിച്ചു കിടക്കുന്നതിനാൽ വലകൾ മുകൾതട്ടിൽ തങ്ങിനിൽക്കും. പായലുകൾ തിക്കിമാറ്റി വലയിടുമ്പോഴാകട്ടെ, പായൽ കയറി ഭാരം താങ്ങാനാവാതെ ചീനവല കീറുന്നതായും തൊഴിലാളികൾ പറയുന്നു. കുറ്റിവലക്കാർക്കും പായൽ വിനയാകുകയാണ്.
എക്കൽ നീക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലംകാണാത്തതിന്റെ നിരാശയിലാണിവർ. തൊഴിലിടമായ കായൽ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.