കൊച്ചി: രാത്രി പട്രോളിങ് കഴിഞ്ഞ് വല്ലാർപാടം കണ്ടെയ്നർ റോഡിലെ ചേരാനല്ലൂർ സിഗ്നൽ ജങ്ഷനിൽ കിടക്കുമ്പോഴാണ് ആധിനിറഞ്ഞ മുഖവുമായി ആ യുവതി പൊലീസിനെ സമീപിച്ചത്. അവരുടെ അഭ്യർഥന കേട്ട പൊലീസ് ആദ്യം കുഴങ്ങി. സിഗ്നൽ ജങ്ഷനിൽനിന്ന് 15 കി.മീ. അകലെയുള്ള പനമ്പിള്ളിനഗറിലെ സ്കൂളിൽ യുവതിയെ എത്തിക്കണം. സമയം ഏഴുമണിയാകുന്നു. 7.15ന് പി.എസ്.സി പരീക്ഷ തുടങ്ങും. അതിനുമുമ്പ് അവിടെയെത്തിക്കാമോയെന്നാണ് യുവതിയുടെ ആശങ്ക നിറഞ്ഞ ചോദ്യം. ഉടൻ പൊലീസുകാർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. സമയത്തിനകം യുവതിയെ പരീക്ഷാഹാളിൽ എത്തിക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ പുറപ്പെടാമെന്നായിരുന്നു അവിടെനിന്നുള്ള മറുപടി. പിന്നെ ഒരുനിമിഷം പോലും വൈകിയില്ല. മരണപ്പാച്ചിലായിരുന്നു പിന്നീടെന്ന് പൊലീസ് ഡ്രൈവർ അഭിലാഷ് ഭക്തവത്സലൻ പറഞ്ഞു.
കൺട്രോൾ റൂം വെഹിക്കിൾ (സി.ആർ.വി) ചാർജ് ഓഫിസർ അരുൺ ജോസ് കൂടെയിരുന്ന് വാഹനം നിയന്ത്രിച്ചു. പരീക്ഷക്ക് ഹാളിൽ കയറുന്ന സമയത്തിന് ഒരുമിനിറ്റ് ബാക്കിനിൽക്കേ 7.14ന് പൊലീസ് വാഹനം സ്കൂൾ ഗേറ്റ് കടന്ന് നിന്നു. കിട്ടിയ സമയംകൊണ്ട് നന്ദി പറഞ്ഞ് യുവതി പരീക്ഷാഹാളിലേക്ക് ഓടി. ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സി.ആർ.വി ഒമ്പതാണ് അപ്രതീക്ഷിത ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. പിറവത്ത് ഭർതൃഗൃഹത്തിൽ താമസിക്കുന്ന പറവൂർ സ്വദേശി റെജീനക്കാണ് പൊലീസിന്റെ സാഹസികദൗത്യം തുണയായത്. പരീക്ഷക്കായി പിറവത്തുനിന്ന് സ്വന്തം വീട്ടിലെത്തിയ റെജീന തിങ്കളാഴ്ച പുലർച്ച 5.30നുതന്നെ വീട്ടിൽനിന്നിറങ്ങിയെങ്കിലും ബസ് കിട്ടാൻ ഏറെ വൈകി.
പരീക്ഷ നടക്കുന്ന പനമ്പിള്ളിനഗർ ജി.എച്ച്.എസ്.എസിൽ 7.15നുമുമ്പ് എത്തുമോ എന്ന ശങ്ക മുറുകിയപ്പോഴാണ് സിഗ്നൽ ജങ്ഷനിൽ കണ്ട പൊലീസ് വാഹനത്തെ സമീപിച്ചത്. നന്നായി പഠിച്ചെത്തിയതിനാൽ പരീക്ഷ എഴുതാൻ പറ്റാതാകുന്നതിന്റെ വിഷമവും അവർ പൊലീസിനോട് പങ്കുവെച്ചു. തുടർന്നായിരുന്നു യുവതിയെ പരീക്ഷാഹാളിലെത്തിക്കാനുള്ള പൊലീസ് ശ്രമം. കേരള ലെജിസ്ലേറ്റിവ് സെക്രട്ടേറിയറ്റിലേക്ക് റീഡർ ഗ്രേഡ്-രണ്ട് പരീക്ഷക്കാണ് യുവതി എത്തിയത്. ദൗത്യം വിജയകരമായതറിഞ്ഞ് കൺട്രോൾ റൂം എ.സി.പി വൈ. നിസാമുദ്ദീൻ അരുൺ ജോസിനെയും അഭിലാഷിനെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സംഭവത്തെപ്പറ്റി സഹപ്രവർത്തകരിലൊരാൾ എഴുതിയ കുറിപ്പ് പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.