പെരുമ്പാവൂര്‍: പ്രധാന റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ അപകട ഭീഷണിയായി മാറുന്നു. എ.എം റോഡിലും എം.സി റോഡിലുമുള്ള കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടി അപകടങ്ങള്‍ പതിവായിരിക്കുകയാണ്. എ.എം. റോഡിലെ മില്ലുംപടി മുതല്‍ പട്ടാല്‍ വരെ രൂപപ്പെട്ടിരിക്കുന്നത് വലിയ കുഴികളാണ്. താലൂക്കാശുപത്രിക്ക് മുന്നിലെ രണ്ട് വലിയ കുഴികളില്‍ ദിവസേന വാഹനങ്ങള്‍ ചാടുന്നത് പതിവാണെന്ന് ഇവിടത്തെ വ്യാപാരികള്‍ പറയുന്നു.
വെള്ളിയാഴ്ച കുഴിയില്‍ സ്കൂട്ടര്‍ ചാടി യാത്രിക മറിഞ്ഞു വീണു. തൊട്ടു പിറകിലുണ്ടായിരുന്ന ബസ് ബ്രേക്കിട്ടതുകൊണ്ട് ഇവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. മിക്ക ദിവസങ്ങളിലും പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ കുഴികളില്‍ വാഹനങ്ങള്‍ ചാടുന്നുണ്ട്. പട്ടാല്‍ പെട്രോള്‍ പമ്പ്, സാന്‍ജൊ ആശുപത്രി, ഗാന്ധി സ്ക്വയര്‍ എന്നിവയുടെ മുന്നിലെല്ലാം വലിയ കുഴികളാണ്.
മഴ പെയ്ത് വെള്ളം നിറഞ്ഞാല്‍ കുഴി അറിയില്ല. സിഗ്നല്‍ ജങ്ഷനില്‍ ടാറും മെറ്റലും ഇളകി ചെറിയ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. മഴക്കാലം തുടങ്ങിയതോടെയാണ് എ.എം റോഡിലും എം.സി റോഡിലും കുഴികളായത്. എം.സി റോഡില്‍ ടൗണ്‍ മുതല്‍ ഒക്കല്‍ വരെ പല ഭാഗത്തും കുഴികളുണ്ട്. ഔഷധി ജങ്ഷന്, കടുവള്‍ തുടങ്ങി ഒക്കല്‍ വരെ ടാറിളകുന്ന ഭാഗങ്ങള്‍ രാത്രികാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുകയാണ്. അടുത്തിടെയാണ് എം.സി റോഡിന്റെ ഈ ഭാഗങ്ങള്‍ ഉന്നത നിലവാരത്തില്‍ ടാറിങ് നടത്തിയത്.
ഇതുകൊണ്ടുതന്നെ കരാറുകാരന് റോഡ് പൊളിയുന്നതില്‍ ജാഗ്രതയിലാണ്. മുന്‍ വര്‍ഷങ്ങളെപ്പോലെ ഇത്തവണ മഴ പെയ്തിരുന്നെങ്കില്‍ പൂര്‍ണമായും റോഡ് തകരാനിടയാകുമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഉന്നത നിലവാരത്തിലെന്ന് അവകാശപ്പെട്ട് പണി കഴിപ്പിച്ച റോഡുകള്‍ വര്‍ഷക്കാലത്ത് തകരുന്നതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അപകടകരമായ തരത്തിലുള്ള കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂടാന്‍ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.