കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിൽ രാത്രികാല ഭക്ഷണശാലകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞ് നഗരസഭ.
നഗരസഭ പരിധിയിൽ രാത്രി 11 മുതൽ പുലർച്ച നാലുവരെ കടകൾ അടക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും കൗൺസിലിൽ അജണ്ടയായി വരുമെന്നുമാണ് നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ള ചൊവ്വാഴ്ച വരെ വ്യക്തമാക്കിയത്. എന്നാൽ, ബുധനാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലെ അജണ്ടയിൽപോലും ഈ വിഷയമുണ്ടായിരുന്നില്ല. യോഗം ആരംഭിച്ചപ്പോൾ പ്രതിപക്ഷാംഗം പി.സി. മനൂപ് രാത്രികാല ഭക്ഷണശാലകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചു. രാത്രിഭക്ഷണശാലകൾക്ക് നിയന്ത്രണം എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും അങ്ങനെയൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കൗൺസിലർ റാഷിദ് ഉള്ളംപിള്ളി മറുപടി പറഞ്ഞു.
എന്നാൽ, നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് മാധ്യമപ്രവർത്തകർക്ക് നൽകിയ വാർത്തക്കുറിപ്പും നഗരസഭ ചെയർപേഴ്സൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും റാഷിദ് ഉള്ളംപിള്ളിക്ക് മറുപടിയായി പ്രതിപക്ഷാംഗം പി.സി. മനൂപ് കൗൺസിൽ മുമ്പാകെ ഹാജരാക്കാൻ തുനിഞ്ഞപ്പോൾ തൽക്കാലം നിയന്ത്രണങ്ങൾ ഇല്ലെന്നും ഈ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും പറഞ്ഞ് ചെയർപേഴ്സൻ രാധാമണിപ്പിള്ള വിവാദം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.