പെരുമ്പാവൂർ: എസ്.സി വിഭാഗത്തിന് നിർമിച്ച പാർപ്പിട സമുച്ചയം കാടുകയറി നശിക്കുന്നു. നിയോജകമണ്ഡലത്തിലെ കൂവപ്പടി പഞ്ചായത്തിൽ 12ാം വാർഡിൽ കയ്യുത്തിയാൽ പള്ളിക്ക് പിന്നിലാണ് സമുച്ചയം. 2015ൽ പി.വൈ. പൗലോസ് പ്രസിഡന്റായിരുന്നപ്പോൾ ഉദ്ഘാടനം ചെയ്തതാണിത്.
ആറ് കുടുംബത്തിന് താമസിക്കാൻ പദ്ധതിയിട്ടാണ് നിർമാണം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്തതല്ലാതെ ഒരു കുടുംബത്തിനുപോലും താമസ സൗകര്യമൊരുക്കിയില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് പരിധിയിൽ നിരവധി പിന്നാക്ക വിഭാഗം കുടുംബങ്ങൾ കയറിക്കിടക്കാൻ ഇടമില്ലാതെ കഴിയുമ്പോൾ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
പഞ്ചായത്തിന്റെ ഒരേക്കർ 37 സെന്റിലെ ഒരുഭാഗത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. എസ്റ്റിമേറ്റിൽ കവിഞ്ഞ് പണി നടത്തിയെന്ന കാരണത്താൽ കരാറുകാരന് പണം ലഭിക്കാത്തതാണ് മുന്നോട്ടുള്ള കാര്യങ്ങൾക്ക് തടസ്സമായതെന്നാണ് വിവരം. കഴിഞ്ഞ ഭരണസമിതിയിൽ പിന്നാക്ക വിഭാഗത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നിട്ടും കെട്ടിടം സൗകര്യപ്പെടുത്താൻ നടപടിയെടുത്തില്ല. വെള്ളവും വെളിച്ചവും റോഡും ഉൾപ്പെടെ സൗകര്യങ്ങളുള്ള സ്ഥലത്ത് ഇനിയും വാസസൗകര്യം ഒരുക്കാനാകുമെന്നിരിക്കെ ഈ ഭരണസമിതിയും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സ്ഥലം വാങ്ങുമ്പോൾ അംഗൻവാടിയും കളിസ്ഥലവും ഉൾപ്പെടുത്തി വീടുകൾ നിർമിക്കാനായിരുന്നു ആലോചിച്ചതെന്നും എന്നാൽ, അന്നത്തെ ഭൂരിപക്ഷ തീരുമാനത്തെ തുടർന്ന് ഫ്ലാറ്റ് രൂപത്തിൽ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പി.വൈ.
പൗലോസ് പറഞ്ഞു. നിലവിലെ കെട്ടിടത്തിൽ താമസ സൗകര്യമൊരുക്കാനും ബാക്കിയുള്ള സ്ഥലത്ത് കെട്ടിടം നിർമിച്ച് നൽകാനും വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് എസ്.സി വിഭാഗത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.