ഫോർട്ട്കൊച്ചി: വൈപ്പിൻ ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന In Ro-Ro vessels ഒന്ന് കട്ടപുറത്തായിട്ട് മൂന്നാഴ്ച പിന്നിടുന്നു. നിലവിൽ സർവിസ് നടത്തുന്ന റോ റോ വെസലും ബോട്ടും ഭാഗികമായി മുടങ്ങുന്നതും പതിവായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവിസ് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും നടത്തിപ്പ് ചുമതല പൊതുമേഖല സ്ഥാപനമായ കിൻകോക്കാണ്. ഇരു വിഭാഗത്തിന്റെയും കെടുകാര്യസ്ഥത മൂലം യാത്രക്കാർ ദുരിതം പേറുകയാണ്. നേരത്തേ സേതുസാഗർ രണ്ട് എന്ന വെസൽ അറ്റകുറ്റപ്പണികൾക്കായി കയറ്റി 130 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇറക്കിയത്. ഇപ്പോൾ തകരാറിലായ റോ റോയും ഇതുപോലെ അനിശ്ചിതമായി കട്ടപുറത്തിരിക്കുമോയെന്ന ആശങ്കയാണ് യാത്രക്കാർക്കുള്ളത്.
സ്പെഷൽ പർപ്പസ് വെഹിക്കിൾ സംവിധാനത്തിൽ ടെൻഡറിലൂടെ സർവിസ് നടത്താനുള്ള നഗരസഭ നീക്കത്തെ അന്നത്തെ പ്രതിപക്ഷം എതിർത്തതാണ് കിൻകോയെ ഏൽപ്പിക്കാൻ കാരണമായത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള കിൻകോ റോ റോ സർവിസ് നടത്തിപ്പ് കാര്യക്ഷമമാക്കാത്തതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ രംഗത്തെത്തി.
റോ റോ വെസലുകളും ബോട്ടും തകരാറിലാകുന്നത് പതിവായി മാറിയിരിക്കുകയാണെന്നും നഗരസഭക്ക് കിൻകോ ലാഭ വിഹിതം നൽകുന്നില്ലെന്നും കുരീത്തറ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടി. ക്രിസ്മസ്, ന്യൂ ഇയർ, ബിനാലെ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അടുത്തിരിക്കെ യാത്രാ ദുരിതം പരിഹരിക്കാൻ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.