മരട്: കുണ്ടന്നൂരിൽനിന്ന് പുഴുവരിച്ച നിലയിൽ 4000 കിലോയോളം അഴുകിയ മത്സ്യം പിടിച്ചെടുത്ത സംഭവത്തിൽ അധികൃതർക്ക് സംഭവിച്ചത് വൻ വീഴ്ച. രണ്ട് ആഴ്ചയിലധികം പഴക്കമുള്ള മത്സ്യങ്ങളാണ് ഇവയെന്നാണ് ഫുഡ് സേഫ്റ്റി ലാബിൽനിന്നുമുള്ള റിപ്പോർട്ട്. ആന്ധ്രപ്രദേശില്‍നിന്ന് ഇത്തരത്തിൽ വൻതോതിലാണ് കേരളത്തിലേക്ക് അനധികൃതമായി ചീഞ്ഞ മത്സ്യം കയറ്റിവിടുന്നത്.
കുണ്ടന്നൂരിൽ പിടിച്ചെടുത്ത കണ്ടെയ്നർ ലോറിയിൽ പകുതി ഭാഗം ഒഴിഞ്ഞ നിലയിലായിരുന്നു. ഇത്തരത്തിൽ സ്ഥിരമായി മത്സ്യവുമായി ലോറികൾ എത്താറുണ്ടെന്നും ഇവിടെനിന്നു മറ്റു വാഹനങ്ങളിലേക്ക് പകര്‍ത്തി കൊണ്ടുപോവുകയുമാണ് ചെയ്യുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഭൂരിഭാഗവും ഹോട്ടലുകളിലേക്കായിരിക്കാമെന്നതാണ് സംശയം. അടുത്തിടെയാണ് കളമശ്ശേരിയിൽ തമിഴ്നാട്ടിൽനിന്നുമെത്തിയ 500 കിലോ അഴുകിയ സൂനാമി ഇറച്ചി പിടിച്ചെടുത്തത്. ഇവയെല്ലാം വിതരണം ചെയ്ത ഹോട്ടലുകളുടെ പട്ടികയും അധികൃതര്‍ പുറത്തുവിട്ടിരുന്നു. എന്നിട്ടും ഇത്തരത്തില്‍ ചെക്ക്പോസ്റ്റുകളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ചും ഒത്താശയോടെയും ടണ്‍ കണക്കിന് ചീഞ്ഞളിഞ്ഞ ഇറച്ചിയും മീനും കേരളത്തിലേക്ക് എത്തുന്നത്. ശീതീകരണ സംവിധാനങ്ങളില്ലാതെയാണ് ഇത്രയധികം മത്സ്യം ലോറിയില്‍ കേരള അതിര്‍ത്തി കടന്നുവന്നത്. പള്ളുരുത്തിയില്‍നിന്നും ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ പിടിച്ചെടുത്ത് മാസങ്ങൾ തികയുന്നതിനു മുന്നേയാണ് വീണ്ടും 4000 കിലോയോളം പുഴുവരിച്ച മത്സ്യങ്ങൾ ഇപ്പോൾ കുണ്ടന്നൂരിൽനിന്നും പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.