മട്ടാഞ്ചേരി: തോപ്പുംപടി അന്തിമാർക്കറ്റിൽ ഭക്ഷ്യസുരക്ഷ വിഭാഗം ശനിയാഴ്ച നടത്തിയ പരിശോധനയിൽ 80 കിലോ അഴുകിയ മത്സ്യം പിടികൂടി. വെള്ളിയാഴ്ച മാർക്കറ്റിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 365 കിലോ മത്സ്യം കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷ കൊച്ചി സർക്കിൾ ഓഫിസർ ഡോ. നിമിഷ ഭാസ്കർ, കളമശ്ശേരി സർക്കിൾ ഓഫിസർ എം.എൻ. ഷംസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേര, നെയ്മീൻ ഉൾപ്പെടെ വലിയ മത്സ്യങ്ങളാണ് രണ്ടാം ദിനവും പിടികൂടിയത്. മത്സ്യം നശിപ്പിക്കാൻ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് കൈമാറി. വെള്ളിയാഴ്ച പിടിച്ച മത്സ്യം ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മൊബൈൽ ലാബിൽ പരിശോധിച്ചു. ഇവയിൽ വൻതോതിൽ അമോണിയം കണ്ടെത്തിയതായി ഓഫിസർ നിമിഷ പ്രഭാകർ പറഞ്ഞു.
മത്സ്യം കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന അമോണിയം മനുഷ്യശരീരത്തിന് ഹാനികരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുദിവസങ്ങളിലായി പിടിച്ച മത്സ്യത്തിന്റെ ഉടമകളായ നാല് പേർക്കെതിരെ നടപടിയെടുത്തു. ഇവർ ഭക്ഷ്യസുരക്ഷ അസി. കമീഷണർ ജോൺ വിജയന് മുന്നിൽ ഈമാസം 27ന് വിചാരണക്ക് ഹാജരാകാൻ നോട്ടീസ് നൽകിയതായും നിമിഷ പ്രഭാകർ പറഞ്ഞു. ഇതിന് ശേഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.