കാക്കനാട്: സെർവർ തകരാറിനെ തുടർന്ന് റേഷൻ വിതരണം മന്ദഗതിയിലായതോടെ ജില്ലയിൽ പലയിടത്തും ഉടമകൾ കടകൾ അടച്ചു. ഇതോടെ പലയിടത്തും റേഷൻ വിതരണം മുടങ്ങി. ജനുവരി ആദ്യം മുതലുണ്ടായിരുന്ന സെർവർ തകരാർ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രൂക്ഷമായത്. ഈ-പോസ് മെഷീനിൽ വിരലടയാളം രേഖപ്പെടുത്തി സ്ഥിരീകരിച്ചാൽ മാത്രമാണ് റേഷൻ ലഭിക്കുകയുള്ളൂ. സെർവർ പ്രവർത്തനം തകരാറിലായതോടെ നേരത്തേ സെക്കൻഡുകൾ മാത്രം എടുത്തിരുന്ന ഈ പ്രക്രിയ ഏറെനേരം കാത്തിരുന്നാലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് റേഷൻ കടയുടമകൾ പറഞ്ഞു. ഉപഭോക്താക്കളിൽ പലരും ബുദ്ധിമുട്ട് നേരിടുകയും പിന്നാലെ കടക്കാരുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ കടയുടമകൾ തീരുമാനിച്ചത്. 1300ഓളം റേഷൻ കടകളാണ് ജില്ലയിലുള്ളത്. ഇവയിൽ പലതും ഭാഗികമായോ, പൂർണമായോ അടച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തൊട്ടാകെയുള്ള റേഷൻ കടകളിലും സെർവർ തകരാറിനെത്തുടർന്ന് വിതരണം നിലച്ച സ്ഥിതിയാണെന്ന് ജില്ല സപ്ലൈ ഓഫിസ് ജീവനക്കാർ വ്യക്തമാക്കി. ഓഫിസ് പ്രവർത്തനങ്ങളെ പോലും ഇത് ബാധിച്ചിട്ടുണ്ടെന്നും, കടകളിൽ പരിശോധനയ്ക്ക് പോകുന്ന റേഷൻ ഓഫിസർമാർക്ക് ജോലി പൂർത്തിയാക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.