കൊച്ചി: വാതിലുകൾ അടച്ചേ സർവിസ് നടത്താവൂ എന്ന നിയമം പരസ്യമായി ലംഘിച്ച് നഗരത്തിലെ സ്വകാര്യ ബസുകൾ. വിദ്യാർഥികളെ ഉൾപ്പെടെ കുത്തിനിറച്ച് വാതിൽ അടക്കാതെ സർവിസ് നടത്തിയിട്ടും നടപടിയെടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും. നഗരത്തിലൂടെ ചീറിപ്പായുന്ന ബസുകളിൽ മിക്കതിനും വാതിലുകളില്ല. ഇനി വാതിലുണ്ടെങ്കിലും അടക്കുന്ന ബസുകൾ അപൂർവം. ഗതാഗത വകുപ്പും പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും നിയമം ലംഘിക്കുന്നതിൽ അതൊന്നും തടസ്സമാകുന്നില്ലെന്നാണ് നഗരത്തിലെ കാഴ്ചകൾ പറയുന്നത്.
വിദ്യാർഥികളും സ്ത്രീകളടക്കമുള്ള തൊഴിലാളികളും യാത്രചെയ്യുന്ന രാവിലെയും വൈകീട്ടുമാണ് വാതിൽ തുറന്നിട്ടുള്ള യാത്രകൾ ഏറെയും. വിദ്യാർഥികളുൾപ്പെടെയുള്ളവർ പടിയിൽനിന്ന് യാത്ര ചെയ്യുമ്പോഴും വാതിലുകൾ അടക്കാറില്ല. പലപ്പോഴും ഇത്തരത്തിൽ സർവിസ് നടത്തിയ ബസുകളിൽനിന്ന് യാത്രക്കാർ തെറിച്ചുവീണ് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാതിലിന് സമീപം ജീവനക്കാർ അപകടമുനമ്പിലെന്ന പോലെ നിൽക്കുമ്പോഴും അമിത വേഗത്തിലാണ് വാഹനങ്ങളുടെ പോക്ക്.
ബസുകൾക്ക് വാതിലുകൾ നിർബന്ധമാക്കി ഹൈകോടതി ഉത്തരവിറക്കുകയും ഗതാഗത വകുപ്പ് നടപടിയെടുക്കുകയും ചെയ്തെങ്കിലും ഹൈകോടതി ജങ്ഷനിലൂടെ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ പലതും നിയമം ലംഘിക്കുന്നത് പതിവ് കാഴ്ചയാണ്. പൊലീസിന്റെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടെങ്കിലും നിയമം ലംഘിക്കുന്നത് ചോദ്യം ചെയ്യാനും ആരും തയാറാകാത്തതാണ് പരസ്യമായ നിയമലംഘനത്തിന് ജീവനക്കാർ തുനിയുന്നതെന്ന ആക്ഷേപവും ഉണ്ട്. സ്റ്റോപ്പുകൾക്ക് പുറമെ കൈകാണിക്കുന്നയിടത്ത് നിന്നൊക്കെ ആൾക്കാരെ കയറ്റുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് ഡോർ അടക്കാൻ മടിക്കുന്നതത്രേ.
ഡ്രൈവര്‍ നിയന്ത്രിക്കുന്ന യന്ത്രവാതില്‍ (ന്യൂമാറ്റിക് ഡോര്‍) വന്നിട്ടുപോലും അതും തുറന്നുവെച്ച് ബസ് ഓടിച്ചതിന് നഗരത്തിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വാതില്‍ കെട്ടിവെച്ച് സര്‍വിസ് നടത്തിയ കുറ്റത്തിന് കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത സംഭവം നിരവധിയുണ്ടായിട്ടും കാഴ്ചകൾ പതിവുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.