മൂവാറ്റുപുഴ: കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ മുനിസിപ്പൽ കൗൺസിൽ കൊണ്ടുവന്ന ഷീ ലോഡ്ജും തുറക്കാൻ സാധ്യതയില്ല. നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാൻ പണിത ഷീലോഡ്ജ് മൂന്നുവർഷം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും മാലിന്യ ടാങ്കുകൾ നിർമിച്ചിട്ടില്ലെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. ഇതോടെ, ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ഷീ ലോഡ്ജ് തുറക്കാത്തതിന് കാരണമെന്ന കള്ളത്തരമാണ് പൊളിയുന്നത്.
25 ലക്ഷം രൂപ ചെലവിൽകഴിഞ്ഞ കൗൺസിലിന്റ അവസാന കാലത്താണ് ഷീ ലോഡ്ജ് നിർമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ കഴിയില്ലെന്ന് അധികൃതർക്ക് വ്യക്തമാകുന്നത് ഇപ്പോഴാണ്. ഷീ ലോഡ്ജിലെ ശുചിമുറി മാലിന്യത്തിനും മലിനജല ശേഖരണത്തിനുമുള്ള ടാങ്കുകൾ സമീപത്തൊന്നും നിർമിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ശുചിമുറി മാലിന്യ ടാങ്കും മലിനജല ടാങ്കും നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്ത് പാറയാണ്.
ഇത് പൊട്ടിച്ചുമാറ്റി നിർമാണം നടത്താൻ കഴിയില്ല. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും തുറന്നുനൽകാത്തതിന്റ കാരണം ഇതുവരെ പറഞ്ഞിരുന്നത് എടുത്ത് നടത്താൻ ആളെ കിട്ടാനില്ല എന്നായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് മാലിന്യ ടാങ്കുകൾ ഇല്ലാത്തതാണ് കാരണമെന്ന വിവരം പുറത്തുവന്നത്. രാത്രി നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത തമാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ഷീ ലോഡ്ജ് നിർമിച്ചത്.
വെളിച്ചവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അന്നത്തെ എൽ.ഡി.എഫ് കൗൺസിൽ ധിറുതിപിടിച്ച് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് കൗൺസിലും ആദ്യഘട്ടത്തിൽ ഇവിടേക്കു തിരിഞ്ഞുനോക്കിയില്ല. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് മൂന്നുമാസം മുമ്പാണ് വെള്ളവും വെളിച്ചവും അടക്കമുള്ള സൗകര്യം ഒരുക്കിയത്.
ഏറ്റെടുത്തു നടത്താൻ ആളുകളെത്തിയപ്പോഴാണ് ശുചിമുറി മാലിന്യ ടാങ്കും മലിനജല ടാങ്കും നിർമിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നത്. ഇനി ഷീ ലോഡ്ജ് മാറ്റി ഓഫിസ് മുറികളാക്കി വാടകക്ക് നൽകാനെ കഴിയൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.